കാബൂൾ: അഫ്ഗാനിസ്ഥാനിൽ മാധ്യമപ്രവർത്തകയെയും ഡ്രൈവറെയും വെടിവെച്ച് കൊലപ്പെടുത്തി. എൻകാസ് ടി.വി.യിലെ മാധ്യമ പ്രവർത്തകയും അവതാരകയുമായ മലാല മെയ് വാന്ദും ഇവരുടെ ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. ജലാലാബാദിലെ വീട്ടിൽനിന്നും കാറിൽ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം.

മാധ്യമപ്രവർത്തകയായ മലാല മെയ് വാന്ദ് അറിയപ്പെടുന്ന ആക്ടിവിസ്റ്റ് കൂടിയായിരുന്നു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശസംരക്ഷണത്തിനായി സജീവമായി പ്രവർത്തിച്ചിരുന്നു.

മാധ്യമപ്രവർത്തക വെടിവെപ്പിൽ കൊല്ലപ്പെട്ടതായ വിവരം എൻകാസ് ടി.വി. മേധാവി സൽമായ് ലത്തീഫിയാണ് സ്ഥിരീകീരിച്ചത്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, ആരും ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംഭവത്തിൽ അഫ്ഗാൻ ഇൻഡിപെൻഡന്റ് ജേണലിസ്റ്റ് അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കൊലപാതകത്തിൽ അഫ്ഗാൻ സുരക്ഷ ഏജൻസികൾ വിശദമായ അന്വേഷണം നടത്തണമെന്നും അന്വേഷണവിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെയ്ക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

കഴിഞ്ഞമാസവും അഫ്ഗാനിസ്ഥാനിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. ബോംബ് ആക്രമണത്തിലാണ് രണ്ടുപേർക്കും ജീവൻ നഷ്ടമായത്. ഈ വർഷം മാത്രം അഫ്ഗാനിസ്ഥാനിലെ 10 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

Content Highlights:woman journalist and her driver shot dead in afghanistan