പയ്യോളി: ഹൈക്കോടതി പോലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട വീടിനുനേരെ ആക്രമണം. കൊളാവിപ്പാലം കൊളാവിയില്‍ ലിഷയുടെ വീടിനുനേരെയാണ് ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ആക്രമണം നടന്നത്. കല്ലേറില്‍ വീടിന്റെ പിറകുവശത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. വീട്ടുകാര്‍ കിടക്കുന്ന മുറിയുടെ ജനലില്‍ കല്ലുകൊള്ളാത്തതിനാല്‍ വലിയ അപകടം ഒഴിവായി.

രണ്ടരയ്ക്ക് വലിയ ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നെങ്കിലും പുതുവത്സരാഘോഷത്തിന്റെ പടക്കംപൊട്ടിക്കലാണെന്ന് കരുതി. പിന്നീട് അഞ്ചുമണിക്ക് അടുക്കളവാതില്‍ തുറന്നപ്പോഴാണ് ജനല്‍ച്ചില്ലുകള്‍ തകര്‍ന്നത് കാണുന്നത്. പറമ്പില്‍ കുറച്ചുദൂരെയായി ചെരിപ്പ് അഴിച്ചുവെച്ച നിലയിലും കണ്ടെത്തി.

വടകര ഡി.വൈ.എസ്.പി. അബ്ദുള്‍ ഷരീഫ്, പയ്യോളി പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.സി. സുഭാഷ്ബാബു എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തി.

നവംബര്‍ 28-ന് പുലര്‍ച്ചെ മൂന്നുമണിക്ക് ഒരുസംഘമാളുകള്‍ ഇവരുടെ സ്ഥലത്ത് റോഡുവെട്ടാന്‍ ശ്രമിച്ചിരുന്നു. തടയാന്‍ചെന്ന ലിഷയുടെ തലയ്ക്ക് മണ്‍വെട്ടി കൊണ്ട് വെട്ടേല്‍ക്കുകയുംചെയ്തു. ഇതേത്തുടര്‍ന്ന് ലിഷ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിപ്രകാരം കോടതി പോലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടു. ഇതിനാല്‍ പോലീസ് നിരീക്ഷണവും പരിശോധനയും ഇവിടെ നടന്നുവരുകയാണ്. ഇതിനിടെയാണ് ശനിയാഴ്ചത്തെ ആക്രമണം. ലിഷയും അമ്മ ബേബി കമലവുമാണ് ഇവിടെ താമസം.

ലിഷയ്ക്ക് വെട്ടറ്റ കേസില്‍ എഴുപ്രതികള്‍ റിമാന്‍ഡിലാണ്. കഴിഞ്ഞദിവസം ഇവരെ പോലീസ് സ്ഥലത്ത് തെളിവെടുപ്പിന് കൊണ്ടുവന്നിരുന്നു. ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.

എന്നാല്‍, വീട് ആക്രമണവുമായി റോഡ് കമ്മിറ്റിക്ക് ബന്ധമില്ലെന്ന് കര്‍മസമിതി ഭാരവാഹികള്‍ അറിയിച്ചു.