മുംബൈ:ഫെയ്‌സ്ബുക്ക് വഴി വാടക വീട് തിരഞ്ഞ യുവതിയോട് യുവാവ് ലൈംഗികചുവയോടെ പെരുമാറിയതായി പരാതി. മുംബൈയില്‍ ജോലി ചെയ്യുന്ന 27കാരിയായ യുവതിയാണ് പരാതിക്കാരി. 

ഗുജറാത്ത് സ്വദേശിയായ യുവതിക്ക് മുംബൈയിലായിരുന്നു ജോലി. ലോക്ക്ഡൗണ്‍ കാരണം വീട്ടില്‍ ജോലി ചെയ്തുവരികയായിരുന്നു. എന്നാല്‍ വീണ്ടും ഓഫീസിലേക്ക് വരേണ്ടതിനാല്‍ മുംബൈയില്‍ തന്നെ താമസിക്കാന്‍ വേണ്ടി യുവതി വാടക വീട് അന്വേഷിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

തന്റെ ആവശ്യങ്ങളൊക്കെ അറിയിച്ച് കൊണ്ട് യുവതി റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പിലാണ് പോസ്റ്റ് ഇട്ടത്. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അക്ഷയ് സിംഗ് എന്നൊരാള്‍ യുവതിയ്ക്ക് സന്ദേശം അയക്കുകയും ഫ്‌ളാറ്റില്‍ താമസിക്കാന്‍ വാടക തരേണ്ടതില്ലെന്നും പറഞ്ഞ് ഫ്‌ളാറ്റിന്റെ ചിത്രങ്ങള്‍ അയച്ചു കൊടുക്കുകയുമായിരുന്നു. എന്നാല്‍ വാടകയും വിവരങ്ങളും ചോദിച്ചപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചു. തന്നെ ബ്ലോക്ക് ചെയ്താല്‍ യുവതിയുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുമെന്നും ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് യുവതി മുംബൈ പോലീസിനെ ടാഗ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. യുവതി പോലീസിന് പരാതി നല്‍കിയതോടെ അക്ഷയ് സിംഗ് ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും തുടര്‍ന്ന് വീണ്ടും സൈന്‍ ഇന്‍ ചെയ്ത് വ്യക്തിഗത വിവരങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്തുവെന്ന് പെണ്‍കുട്ടി പറഞ്ഞതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഗുജറാത്തിലെ സൈബര്‍ പോലീസിനെ സമീപിക്കാന്‍ മുംബൈ പോലീസ് പെണ്‍കുട്ടിക്ക് നിര്‍ദ്ദേശം നല്‍കി. 

Content Highlights: Woman harassed, asked for ‘sexual favours’ while house-hunting on Facebook