പിറവം: പിറവം പോലീസ് സ്റ്റേഷനു സമീപം പട്ടാപ്പകല്‍ വീട്ടമ്മയെ വെട്ടിക്കൊന്നു. കൃത്യത്തിനു ശേഷം പ്രതി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പിറവം വട്ടപ്പറമ്പില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ കെ.പി. ശ്യാമള (53) യാണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. പോലീസ് സ്റ്റേഷനില്‍നിന്ന് കഷ്ടിച്ച് 500 മീറ്റര്‍ മാറിയാണ് സംഭവം നടന്ന വീട്. കൃത്യത്തിനു ശേഷം പ്രതി കക്കാട് സ്വദേശി ശിവരാജന്‍ എന്നു വിളിക്കുന്ന ശിവരാമന്‍ (56) നേരിട്ട് പോലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു.
വീടിനകത്തുവെച്ച് വെട്ടേറ്റ വീട്ടമ്മ പുറത്തേക്ക് ഓടിയതാണെന്ന് കരുതുന്നു. വീടിന്റെ പിന്നിലെ മുറ്റത്താണ് മൃതദേഹം കാണപ്പെട്ടത്. കൃത്യത്തിനു ശേഷം പ്രതി ശ്യാമളയുടെ ഫോണില്‍നിന്ന് മകളെ വിളിച്ച് ഇക്കാര്യം അറിയിക്കുകയായിരുന്നു. അങ്ങനെയാണ് വിവരം പുറത്തറിഞ്ഞത്. പിറവത്ത് ഓട്ടോ ഡ്രൈവറായിരുന്ന ശിവരാമന്‍ ഇപ്പോള്‍ എറണാകുളത്ത് സെക്യൂരിറ്റി ജീവനക്കാരനാണ്. ഭാര്യയും രണ്ട് കുട്ടികളുമുള്ളയാളാണ് ശിവരാമന്‍.
ഇടപ്പള്ളി കുന്നുംപുറത്താണ് ശ്യാമളയുടെ സ്വന്തം വീട്. ഭര്‍ത്താവ് പിറവം വട്ടപ്പറമ്പില്‍ കൃഷ്ണന്‍കുട്ടി പിറവം പോസ്റ്റ് ഓഫീസില്‍ ജോലിക്കാരനായിരുന്നു. മരിച്ചിട്ട് ഏതാനും വര്‍ഷങ്ങളായി. മക്കള്‍: ധന്യ, അശ്വിന്‍. മരുമകന്‍: സന്തോഷ്. മകള്‍ കക്കാട്ടിലാണ് താമസം. അമ്മയും മകനുമാണ് വീട്ടില്‍ താമസിച്ചിരുന്നത്.
മൂവാറ്റുപുഴ ഡിവൈ.എസ്.പി. മുഹമ്മദ് റിയാസ്, പിറവം സ്റ്റേഷന്‍ ഓഫീസര്‍ ഇ.എസ്. സാംസണ്‍, എസ്.ഐ. മാരായ കെ.എസ്. ബിനു, കെ.വി. ദിനേശന്‍, എ.എന്‍. സാജു എന്നിവരുടെ നേതൃത്വത്തില്‍ പിറവം പോലീസും വിരലടയാള വിദഗ്ദ്ധന്‍ പി.എല്‍. അഭിലാഷ്, ഫോറന്‍സിക് വിഭാഗത്തിലെ അനു ഫിലിപ്പ് എന്നിവരുമെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: woman hacked to death in piravom accused surrendered in police station