ചെറുതുരുത്തി: ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ അറസ്റ്റിലായ മോഹനനെയും കൂട്ടാളികളെയും സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു. പോലീസിന്റെ ചോദ്യം ചെയ്യലിനു ശേഷം ഉച്ചയോടെയാണ് ചിത്ര വെട്ടേറ്റു മരിച്ച വീട്ടിലേക്ക് പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. മോഹനെ ഒരു ജീപ്പിലും സുഹൃത്തുക്കളായ രവികുമാര്‍, കൃഷ്ണകുമാര്‍ എന്നിവരെ മറ്റൊരു ജീപ്പിലുമായിട്ടാണ് കൊണ്ടുവന്നത്.

തലതാഴ്ത്തി മോഹന്‍ വീടിനു മുന്നില്‍ നിന്നു. പോലീസ് ചോദിച്ചപ്പോള്‍ നിര്‍വികാരനായി നടന്ന സംഭവം അന്വേഷണസംഘത്തോടു പറഞ്ഞു. തുടര്‍ന്ന് മോഹനെ അമ്മയുടെ മുന്നിലെത്തിച്ചു. മകളെ നഷ്ടപ്പെട്ട ഹൃദയവേദനയോടെ നിന്ന അമ്മയോടു ചോദിച്ച് അന്വേഷണസംഘം വിവരങ്ങള്‍ സ്ഥിരീകരിച്ചു. പത്തു മിനിറ്റിനുള്ളില്‍ മോഹനെ തിരികെ വാഹനത്തിലേക്ക് കയറ്റി. സംഭവമറിഞ്ഞ് പ്രദേശവാസികളും തടിച്ചുകൂടി.

പലപ്പോഴും മോഹനെ അവഗണിച്ചിരുന്ന ചിത്രയെ ആക്രമിക്കാന്‍ കരുതിക്കൂട്ടിത്തന്നെ എത്തിയെന്ന നിഗമനത്തിലാണ് പോലീസ്. സംഭവസ്ഥലത്തുനിന്ന് കിട്ടിയ ഒരു കടലാസ് പൊതിയില്‍ കട്ടിയുള്ള പഞ്ഞിയില്‍ പൊതിഞ്ഞാണ് കത്തിപോലുള്ള ആയുധം കൊണ്ടു വന്നതെന്നാണ് സംശയിക്കുന്നത്. 

ഉപേക്ഷിച്ച കാറും ആക്രമിക്കാൻ ഉപയോഗിച്ച കത്തിയും കണ്ടെത്തി 

ചെറുതുരുത്തിയിൽ സ്ത്രീ വെട്ടേറ്റുമരിച്ച സംഭവത്തിൽ പ്രതികൾ സംഭവത്തിനുശേഷം രക്ഷപ്പെടാൻ ഉപയോഗിച്ച കറുത്ത കാർ കണ്ടെത്തി. കാറിൽ രക്ഷപ്പെട്ട ഇവർ പിന്നീട്‌ കോയമ്പത്തൂർ, പഴനി എന്നിവിടങ്ങളിൽ കറങ്ങി നടക്കുകയായിരുന്നു. കാറിന്റെ നമ്പർ ലഭിച്ചതിനെത്തുടർന്ന്‌ പ്രദേശത്തെ സി.സി.ടി.വി.കൾ പരിശോധിച്ചു ഉറപ്പു വരുത്തി എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും കാറിനെക്കുറിച്ചു വിവരം നൽകിയിരുന്നു.

തുടർന്ന്‌ പ്രതികൾ കീഴടങ്ങിയപ്പോൾ പാലക്കാട്ട് കാർ ഉപേക്ഷിച്ചതായി മൊഴി നൽകിയിരുന്നു. കാറിന്റെ ഡാഷ് ബോർഡിൽ ആക്രമിക്കാൻ ഉപയോഗിച്ച കത്തിയും വെച്ചതായി ഇവർ പറഞ്ഞിരുന്നു. തുടർന്ന്‌ ചെറുതുരുത്തി എസ്.ഐ. വി.പി. സിബീഷിന്റെ നേതൃത്വത്തിൽ പോലീസ് പാലക്കാട്ടെത്തി വാഹനവും അതിൽ നിന്ന്‌ കത്തിയും കണ്ടെത്തി.

Content Highlights: woman hacked to death by husband in Thrissur