കോയമ്പത്തൂർ: ഉറങ്ങികിടന്ന ഭാര്യയെ യുവാവ് വെട്ടിക്കൊന്നു. തമിഴ്നാട് പൊള്ളാച്ചി തൊണ്ടമുത്തൂർ സ്വദേശി എൻ. ലക്ഷ്മണരാജ്(36) ആണ് ഭാര്യ ശരണ്യ(26)യെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

വെള്ളിയാഴ്ച പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ആറ് വർഷം മുമ്പാണ് ലക്ഷ്മണരാജും ശരണ്യയും വിവാഹിതരായത്. ദമ്പതിമാർക്ക് അഞ്ച് വയസ്സുള്ള മകനുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ശരണ്യ, ലക്ഷ്മണരാജിന്റെ ബന്ധുവായ യുവാവുമായി അടുപ്പത്തിലായിരുന്നു. അടുത്തിടെ ഇക്കാര്യമറിഞ്ഞ ലക്ഷ്മണരാജ് ഈ ബന്ധത്തിൽനിന്ന് ഭാര്യയെ വിലക്കി. എന്നാൽ ഭർത്താവ് എതിർത്തിട്ടും യുവതി രഹസ്യബന്ധം തുടർന്നു. ഇതോടെ ദമ്പതിമാർക്കിടയിൽ വഴക്കും പതിവായി. ഇതിനൊടുവിലാണ് വെള്ളിയാഴ്ച പുലർച്ചെ ഉറങ്ങികിടക്കുകയായിരുന്ന ഭാര്യയെ ലക്ഷ്മണരാജ് വെട്ടിക്കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

കൃത്യം നടത്തിയ ശേഷം പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തുടർന്ന് പോലീസെത്തിയാണ് മൃതദേഹം വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Content Highlights:woman hacked to death by husband in tamilnadu