എഴുകോണ്‍ (കൊല്ലം) : മകളെയും മരുമകനെയും ഉപദ്രവിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ വീട്ടമ്മ അറസ്റ്റില്‍. കേരളപുരം കല്ലൂര്‍വിളവീട്ടില്‍ നജി(48)യാണ് പിടിയിലായത്. എഴുകോണ്‍ കാക്കക്കോട്ടൂരില്‍ ബൈക്കില്‍ സഞ്ചരിച്ച ദമ്പതിമാരെ മര്‍ദിച്ച് മാലകവര്‍ന്ന സംഭവം ക്വട്ടേഷന്‍ ആക്രമണമാണെന്നു പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
ഡിസംബര്‍ 23-ന് രാത്രി ഏഴിനായിരുന്നു സംഭവം. നജിയുടെ മകള്‍ അഖിനയും ഭര്‍ത്താവ് ജോബിനും സഞ്ചരിച്ച ബൈക്ക് തടഞ്ഞ് മൂന്നംഗസംഘം ആക്രമിക്കുകയായിരുന്നു. ഇരുവരെയും മര്‍ദിച്ചശേഷം അഖിനയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാലയും കവര്‍ന്നു. അക്രമിസംഘത്തില്‍പ്പെട്ട മങ്ങാട് സ്വദേശി ഷഹിന്‍ഷാ (29), വികാസ് (34), കിരണ്‍ (31) എന്നിവരെ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോഴാണ് ക്വട്ടേഷന്‍ കഥ പുറത്തായത്.
അഖിനയുടെ രണ്ടാം ഭര്‍ത്താവാണ് തൃശ്ശൂര്‍ സ്വദേശിയായ ജോബിന്‍. ജോലിയില്ലാത്ത ജോബിനും അഖിനയും നജിയുടെ ചെലവിലാണ് കഴിഞ്ഞിരുന്നത്. ജോലിക്കുപോകാതെ മകളും മരുമകനും ആഡംബരജീവിതം നയിക്കുന്നതിനെ നജി ചോദ്യംചെയ്തു. ഇത് ഇഷ്ടപ്പെടാതിരുന്ന ജോബിന്‍ നജിയെ ഉപദ്രവിച്ചിരുന്നു. ഇതിലുള്ള വിരോധമാണ് മകളെയും മരുമകനെയും ആക്രമിക്കാനും മാല കവരാനും ക്വട്ടേഷന്‍ നല്‍കാന്‍ പ്രേരിപ്പിച്ചതെന്നു പോലീസ് പറഞ്ഞു.
സംഭവത്തിനുശേഷം പലയിടത്തായി ഒളിവില്‍ക്കഴിയുകയായിരുന്നു നജി. വര്‍ക്കലയില്‍നിന്നാണ് പിടിയിലായത്. എഴുകോണ്‍ സി.ഐ. ശിവപ്രസാദ്, എസ്.ഐ. ബാബുക്കുറുപ്പ്, എ.എസ്.ഐ. ആഷിര്‍ കോഹൂര്‍, സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ വിബു എസ്.വി., മഹേഷ് മോഹന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ക്വട്ടേഷന്‍ തുക പതിനായിരം രൂപ
'മരുമകനിട്ടു രണ്ടെണ്ണം കൊടുക്കണം, മകളെയൊന്നു വിരട്ടണം, കഴുത്തില്‍ കിടക്കുന്ന സ്വര്‍ണമാല പിടിച്ചുപറിക്കണം'-ക്വട്ടേഷന്‍ സംഘത്തിന് നജിനല്‍കിയ നിര്‍ദേശം ഇതായിരുന്നു.
മൂന്നംഗസംഘം ക്വട്ടേഷന്‍ ഏറ്റത് 10,000 രൂപയ്ക്ക്. പറഞ്ഞവാക്ക് സംഘം പാലിച്ചു. മരുമകനും മകള്‍ക്കും തല്ലുംകൊടുത്തു, മാലയും കവര്‍ന്നു.
ദമ്പതിമാരെ മര്‍ദിച്ച് ഒന്‍പതുപവന്‍ മാല കവര്‍ന്നെന്ന പരാതി എഴുകോണ്‍ പോലീസില്‍ ലഭിക്കുമ്പോള്‍ സാധാരണ പിടിച്ചുപറിക്കാരാകുമെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം. സ്ഥലപരിശോധനയിലും വിവരശേഖരണത്തിലും പൊരുത്തക്കേടുകള്‍ മണത്തു. ഡ്യൂക്ക് ബൈക്കില്‍ സഞ്ചരിച്ചിരുന്ന ദമ്പതിമാരെ സ്‌കൂട്ടറിലെത്തിയ സംഘം ആക്രമിച്ചു മാലകവര്‍ന്നത് അസ്വാഭാവികമായി പോലീസിനുതോന്നി. കൂടാതെ ജോബിനെ ബൈക്കില്‍നിന്നിറക്കി മാറ്റിനിര്‍ത്തി മര്‍ദിച്ചെന്നതും സംഘത്തിന്റെ ലക്ഷ്യം പിടിച്ചുപറി മാത്രമല്ലെന്നതിന്റെ സൂചനയായി.
സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ അക്രമികള്‍ പിടിയിലായതോടെ ക്വട്ടേഷന്റെ ചുരുളഴിഞ്ഞു. കവര്‍ന്ന മാല ഒന്‍പത് പവന്റെതല്ല ആറുപവന്റെതാണെന്നും കണ്ടെത്തി.
Content Highlights: woman given quotation to attack son in law in ezhukon kollam