കൊല്ലം : അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ വീട്ടമ്മയ്ക്ക് മൂന്നുവര്‍ഷം തടവും 60,000 രൂപ പിഴയും വിധിച്ച് കൊല്ലം പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി. മുളവന പള്ളിയറ അഭിലാഷ്ഭവനില്‍ ശോശാമ്മയെ(പൊന്നമ്മ-66)യാണ് കോടതി ശിക്ഷിച്ചത്.

പിഴയൊടുക്കാതിരുന്നാല്‍ എട്ടുമാസംകൂടി തടവുശിക്ഷ അനുഭവിക്കണം. കൊല്ലം പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് ഡോണി തോമസ് വര്‍ഗീസാണ് ശിക്ഷ വിധിച്ചത്.

അയല്‍വാസിയായ മുളവന പള്ളിയറ കളീലുവിളപുത്തന്‍വീട്ടില്‍ ജോര്‍ജുകുട്ടിയെയാണ് ശോശാമ്മ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 2016 മേയ് 13-നാണ് കേസിനാസ്പദമായ സംഭവം. ശോശാമ്മയും ജോര്‍ജുകുട്ടിയുടെ വീട്ടുകാരുമായി വസ്തുതര്‍ക്കം നിലിനിന്നിരുന്നു. മുളവന പി.കെ.ജെ.എം.സ്‌കൂളിനുസമീപത്തെ ശോശാമ്മയുടെ വീടിനുമുന്നിലൂടെ നടന്നുപോകുകയായിരുന്ന ജോര്‍ജുകുട്ടിയെ പ്രതി തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും വെട്ടുകത്തികൊണ്ട് കഴുത്തിന് വെട്ടുകയുമായിരുന്നു. ഒഴിഞ്ഞുമാറിയതിനാല്‍ ജോര്‍ജ്കുട്ടിയുടെ തലയിലും മുതുകത്തുമാണ് വെട്ടുകൊണ്ടത്. ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു ജോര്‍ജ്കുട്ടി. സംഭവത്തിനു രണ്ടുദിവസംമുന്‍പ് ശോശാമ്മ ജോര്‍ജ്കുട്ടിയുടെ ഭാര്യയെയും മര്‍ദിച്ചിരുന്നു.പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വി.വിനോദ്, സുനില്‍ എന്നിവര്‍ ഹാജരായി. കുണ്ടറ എസ്.ഐ.ആയിരുന്ന എന്‍.സുനീഷാണ് കേസന്വേഷണം നടത്തിയത്.