കൊച്ചി: നഗരത്തില്‍നിന്ന് ലക്ഷങ്ങള്‍ വിലയുള്ള ലഹരിമരുന്ന് പിടികൂടിയ കേസില്‍ അറസ്റ്റിലായ വൈപ്പിന്‍ സ്വദേശിനി ആര്യ ചേലാട്ടിന് (23) ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവുമാണ് വ്യവസ്ഥ.

ജാമ്യക്കാരില്‍ ഒരാള്‍ ബന്ധുവായിരിക്കണം. ജാമ്യ കാലയളവില്‍ ഹര്‍ജിക്കാരി മാതാവിനൊപ്പം കഴിയണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും ജസ്റ്റിസ് കെ. ഹരിപാല്‍ വിധിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്. പാസ്‌പോര്‍ട്ട് പത്ത് ദിവസത്തിനകം കോടതിയില്‍ ഹാജരാക്കണമെന്നും വ്യവസ്ഥയുണ്ട്. 

ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതും ജനുവരി 30 മുതല്‍ ജയിലിലാണെന്നതും പരിഗണിച്ചാണ് കോടതി ജാമ്യം നല്‍കിയത്. ജനുവരി 30-ന് രാത്രിയിലാണ് എം.ഡി.എം.എ. വിഭാഗത്തിലുള്ള ലഹരിമരുന്നുകള്‍, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവയുമായി കാസര്‍കോട് സ്വദേശി വി.കെ. സമീര്‍, കോതമംഗലം സ്വദേശി അജ്മല്‍ റസാഖ്, ആര്യ ചേലാട്ട് എന്നിവര്‍ പിടിയിലായത്.