പൂണെ: യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പൂണെയില്‍ നാലുപേര്‍ അറസ്റ്റില്‍. ശ്രീകാന്ത് സരോദ്(36) ആദിത്യ പവാര്‍(19) ആശിഷ് മൊഹിതെ(18) ദുര്‍വേശ് ജാദവ്(36) എന്നിവരെയാണ് പൂണെ ദട്ടാവാഡി പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയാണ് നാലുപേരും ചേര്‍ന്ന് 25 വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കിയതെന്ന് പോലീസ് പറഞ്ഞു. 

പ്രതികളില്‍ ഒരാളാണ് യുവതിയെ സ്വര്‍ഗേറ്റ് മേഖലയില്‍നിന്ന് ജനതാവസഹത്തിലെ മുറിയിലേക്ക് എത്തിച്ചത്. തുടര്‍ന്ന് ഇയാളും മറ്റുള്ള മൂന്നുപേരും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. മുറിയില്‍നിന്ന് യുവതിയുടെ നിലവിളി കേട്ട സമീപവാസികളാണ് പോലീസില്‍ വിവരം അറിയിച്ചത്. ഉടന്‍തന്നെ പോലീസ് സ്ഥലത്തെത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. 

അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കിയതായി ദട്ടാവാഡി പോലീസ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണ ഇന്ദാല്‍ക്കര്‍ പറഞ്ഞു. ഇത് ഗൗരവമേറിയ സംഭവമാണെന്നും യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെന്നും യുവതിക്ക് മാനസിക വൈകല്യമുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Content Highlights: woman gangraped in pune four accused arrested by police