മുംബൈ: വിവാഹനിശ്ചയ പാര്‍ട്ടിക്കിടെ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി. മുംബൈ അന്ധേരിയിലെ ഹോട്ടലില്‍വെച്ചാണ് യുവതി ബലാത്സംഗത്തിനിരയായത്. നവംബര്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നതെങ്കിലും കഴിഞ്ഞദിവസമാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.
സെന്‍ട്രല്‍ മുംബൈ സ്വദേശി അവിനാശ് പങ്‌ഖേക്കര്‍(28) ശിഷിര്‍(27) തേജസ്(25) എന്നിവര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ ആരോപണം. അവിനാശിന്റെ വിവാഹനിശ്ചയത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുക്കാനായാണ് മറ്റ് രണ്ട് യുവതികള്‍ക്കൊപ്പം പരാതിക്കാരി ഹോട്ടലിലെത്തിയത്. തുടര്‍ന്ന് അവിനാശ് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നും മറ്റുള്ളവര്‍ ഹോട്ടലില്‍നിന്ന് മടങ്ങിയതിന് ശേഷം തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നും പരാതിയില്‍ പറയുന്നു.
നവംബര്‍ എട്ടിനാണ് സംഭവം നടന്നതെങ്കിലും കഴിഞ്ഞദിവസമാണ് യുവതി വിവരം വീട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ യുവതിയുമായി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ മൂന്ന് പേര്‍ക്കെതിരേ കേസെടുത്തതായും ഒളിവില്‍പോയ ഇവരെ ഉടന്‍തന്നെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
Content Highlights: woman gangraped in mumbai during engagement party