റാഞ്ചി: ജാർഖണ്ഡിലെ ദുംകയിൽ 35-കാരിയെ 17 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ മാർക്കറ്റിൽനിന്ന് ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങിയ യുവതിയാണ് ബലാത്സംഗത്തിനിരയായത്.

17 പേരടങ്ങുന്ന സംഘം ദമ്പതിമാരെ തടഞ്ഞുവെയ്ക്കുകയും ഭർത്താവിനെ കീഴ്പ്പെടുത്തിയ ശേഷം യുവതിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. സംഘത്തിലെ എല്ലാവരും ബലാത്സംഗം ചെയ്തെന്നും ഇവർ മദ്യപിച്ചിരുന്നതായും അഞ്ച് മക്കളുടെ മാതാവായ യുവതി മൊഴി നൽകിയിട്ടുണ്ട്.

സംഭവത്തിൽ 17 പേർക്കെതിരേയും കേസെടുത്തതായും പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. ബാക്കി 16 പേർക്കായി തിരച്ചിൽ തുടരുകയാണെന്നും കുറ്റക്കാരെ വെറുതെവിടില്ലെന്നും ഡി.ഐ.ജി. സുദർശൻ മണ്ഡലും പ്രതികരിച്ചു.

അതേസമയം, യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെയും പ്രതിഷേധം ശക്തമായി. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നിരിക്കുകയാണെന്നും ജംഗിൾരാജ് ആണെന്നും ബി.ജെ.പി. ആരോപിച്ചു. കുറ്റക്കാരെ പിടികൂടി അതിവേഗ കോടതിയിൽ വിചാരണ നടത്തി പരമാവധി ശിക്ഷ ഉറപ്പുവരുത്തണമെന്നും ബി.ജെ.പി. വക്താവ് പ്രതുൽ ഷാഹ്ദോ ആവശ്യപ്പെട്ടു.

Content Highlights:woman gangraped in jharkhand by 17 men