ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബദ്വാനില്‍ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ബലാത്സംഗ വീഡിയോ വില്‍പ്പന നടത്തിയെന്ന കേസില്‍ പ്രതികള്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉള്‍പ്പെടെ ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ബലാത്സംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 

ബദ്വാനിലെ ഒരു വയലില്‍വെച്ചാണ് 30 വയസ്സുകാരിയെ അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത്. ഒരാള്‍ ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ബലാത്സംഗത്തിന്റെ നിരവധി വീഡിയോ ക്ലിപ്പുകളാണ് ഇത്തരത്തില്‍ പകര്‍ത്തിയത്. സംഭവത്തില്‍ പരാതി നല്‍കിയാല്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഇവര്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. 

വീഡിയോ പ്രചരിപ്പിക്കുമെന്ന ഭയത്താല്‍ യുവതി ബലാത്സംഗത്തെക്കുറിച്ച് ആരോടും വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞദിവസങ്ങളില്‍ നാട്ടിലെ യുവാക്കള്‍ക്കിടയില്‍ ബലാത്സംഗത്തിന്റെ വീഡിയോ പ്രചരിച്ചതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളായ ആണ്‍കുട്ടികള്‍ ഓരോ വീഡിയോ ക്ലിപ്പിനും 300 രൂപ വീതം ഈടാക്കി വില്‍പ്പന നടത്തിയെന്നും യുവതിയുടെ പരാതിയില്‍ ആരോപണമുണ്ട്. 

സംഭവത്തില്‍ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു. ഫോണില്‍നിന്ന് കണ്ടെടുത്ത വീഡിയോ മാസങ്ങള്‍ക്ക് മുമ്പ് ചിത്രീകരിച്ചതാണെന്ന് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. 

Content Highlights: woman gangraped by six in uttarpradesh video sold to locals