ന്യൂഡൽഹി: ആശുപത്രിയിലെ പാർക്കിങ് സ്ഥലത്തുവെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ സുരക്ഷാ ജീവനക്കാരനടക്കം മൂന്ന് പേർ അറസ്റ്റിൽ. മനീഷ്(22), പർവീൺ തിവാരി(24), കൻവാർ പാൽ(33) എന്നിവരെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 30-ന് രാത്രിയിലാണ് മൂവരും യുവതിയെ ബലാത്സംഗം ചെയ്തത്.

ഡൽഹി രോഹിണിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കൊപ്പം എത്തിയതായിരുന്നു 30-കാരിയായ യുവതി. കൂട്ടിരിപ്പുകാർക്കുള്ള ഷെൽട്ടർ ഹോമിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഒക്ടോബർ 30-ന് രാത്രിയിലാണ് പരിശോധനയ്‌ക്കെന്ന പേരിൽ യുവതിയെ പ്രതികൾ ഭീഷണിപ്പെടുത്തി പാർക്കിങ് സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് ആളൊഴിഞ്ഞ സ്ഥലലത്ത് എത്തിയപ്പോൾ മൂവരും യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

സംഭവത്തിന് ശേഷം യുവതി തന്നെയാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. അറസ്റ്റിലായവരിൽ ഒരാൾ ആശുപത്രിയിലെ സുരക്ഷ ജീവനക്കാരനാണെന്നും മറ്റ് രണ്ടു പേർ മുൻ സുരക്ഷാ ജീവനക്കാരാണെന്നും പോലീസ് പറഞ്ഞു.

Content Highlights:woman gangraped at parking lot in a hospital