ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. അത്യാസന്നനിലയിലായിരുന്ന 20-കാരിയെ കഴിഞ്ഞദിവസമാണ് ഡൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്.

കേസിൽ പ്രതികളായ നാല് പേരും നിലവിൽ ജയിലിലാണ്. യുവതി മരിച്ചതോടെ ഇവർക്കെതിരേ കൊലക്കുറ്റവും ചുമത്തും.

സെപ്റ്റംബർ 14-നാണ് 20-കാരിയെ നാലുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. കുടുംബാംഗങ്ങൾക്കൊപ്പം പുല്ലരിയാൻ പോയ യുവതിയെ യുവാക്കൾ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശരീരമാസകലം പരിക്കേറ്റ് നാവ് മുറിഞ്ഞനിലയിലാണ് യുവതിയെ പിന്നീട് കണ്ടെത്തിയത്. സംഭവത്തിൽ യു.പി. പോലീസ് ആദ്യം അലംഭാവം കാണിച്ചതായി ആരോപണമുയർന്നിരുന്നു. തുടർന്ന് പ്രതിഷേധങ്ങൾ ശക്തമായതോടെയാണ് നാല് പ്രതികളെയും പോലീസ് പിടികൂടിയത്.

Content Highlights:woman gang raped in uttar pradesh dies at delhi