ഇരിട്ടി: ആറളം പയോറ ഏച്ചില്ലത്ത് വീട്ടമ്മയെ വീട്ടിനുള്ളിൽ വെട്ടേറ്റും മർദനമേറ്റ പരിക്കുകളോടെയും കണ്ടെത്തി. ഏച്ചില്ലത്തെ കുന്നുമ്മൽ രാധ (58)യ്ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവമെന്ന് കരുതുന്നു. ചെവി വെട്ടേറ്റ് മുറിഞ്ഞ് തൂങ്ങിയ നിലയിലും താടിയെല്ലിന് ഇരുഭാഗത്തും ക്ഷതമേറ്റ് പൊട്ടലുമുണ്ടായി. കാലിന് ആഴത്തിലുള്ള മുറിവേറ്റ നിലയിലുമാണ്. പരിക്കേറ്റ രാധയുടെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തുകയായിരുന്നു. ഇവർ വീട്ടിൽ ഒറ്റയ്ക്കാണുണ്ടായിരുന്നത്. ഒപ്പം താമസിക്കുന്ന സഹോദരി കണ്ണൂരിൽ വീട്ടുജോലിക്ക് പോയതായിരുന്നു. രാധയുടെ ഏക മകൾ ഭർതൃവീട്ടിലാണ് താമസം.

വെട്ടേറ്റ നിലയിലും മർദനമേറ്റ നിലയിലുമാണ് പരിക്കുകൾ എങ്കിലും വീണ് പരിക്കേറ്റതാണെന്നാണ് രാധ സമീപവാസികളോട് പറഞ്ഞിരിക്കുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആറളം പോലീസിനോട് മോഷ്ടാവാണ് ആക്രമിച്ചതെന്നും കഴുത്തിലും കാതിലുമുള്ള സ്വർണാഭരണങ്ങൾ കവരുന്നത് ചെറുക്കുമ്പോഴാണ് ആക്രമിച്ചതെന്നാണ് ഇവർ പിന്നീട് മൊഴി നൽകിയത്. ഇവരുടെ മൊഴികളിൽ വൈരുധ്യമുള്ളതായും മോഷണശ്രമം നടന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും സംഭവത്തിൽ ദുരൂഹതയുള്ളതായും പോലീസ് പറഞ്ഞു.

പരിക്ക് ഗുരുതരമായതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതിനാൽ പോലീസിന് കൂടുതൽ മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് പോലീസിന് ചില നിർണായക വിവരങ്ങൾ ലഭിച്ചതായും രണ്ടുപേർ ആറളം പോലീസിന്റെ വലയിലായതായും സൂചനയുണ്ട്. ഇരിട്ടി ഡിവൈ.എസ്.പി. പ്രിൻസ് എബ്രഹാമിന്റെ മേൽനോട്ടത്തിൽ, ആറളം ഇൻസ്പെക്ടർ അരുൺദാസ്, പ്രിൻസിപ്പൽ എസ്.ഐ. ശ്രീജേഷ്, അഡി. എസ്.ഐ. പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത് കണ്ണൂരിൽനിന്നുള്ള ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവു ശേഖരിച്ചിട്ടുണ്ട്.