ദൃശ്യപാലാ: ഭര്‍ത്തൃമതിയായ യുവതിയെ വീടിന് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തോടനാല്‍ ഇലവനാംതൊടുകയില്‍ രാജേഷിന്റെ ഭാര്യ ദൃശ്യ(26) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഏലപ്പാറ ചിന്നാര്‍ സ്വദേശിനിയാണ്. സാമൂഹ്യ മാധ്യമങ്ങള്‍ അമിതമായി ഉപയോഗിക്കുന്നതും അതിലൂടെയുള്ള ചില സൗഹൃദങ്ങളും ഭര്‍ത്താവിന്റെ വീട്ടുകാര്‍ ചോദ്യം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.

കഴിഞ്ഞയാഴ്ച ചിന്നാറിലെ വീട്ടിലേയ്ക്കുപോയ ദൃശ്യയോട് വീട്ടില്‍നിന്നും ആരെയെങ്കിലും കൂട്ടി തിരികെ വരണമെന്ന് ഭര്‍ത്തൃവീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച തിരികെയെത്തിയ ദൃശ്യയ്‌ക്കൊപ്പം വീട്ടുകാര്‍ ആരും ഉണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് ഭര്‍ത്തൃവീട്ടുകാര്‍തന്നെ കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി. യുവതിയുടെ സാമൂഹ്യമാധ്യമ ഇടപെടലുകള്‍ സംബന്ധിച്ച് ഇരുവീട്ടുകാരും ചര്‍ച്ചചെയ്തിരുന്നു. പുലര്‍ച്ചെ ഒരുമണിയോടെയാണ് വീട്ടുകാര്‍ മടങ്ങിയത്.

തൊട്ടടുത്ത വീട്ടിലെ ഗൃഹനാഥന് ശാരീരിക അസ്വസ്ഥതയുണ്ടായതിനെത്തുടര്‍ന്ന് രാജേഷിന്റെ പിതാവ് പുലര്‍ച്ചെ രണ്ടരയോടെ അയല്‍ വീട്ടില്‍ പോയി തിരികെ വരുമ്പോഴാണ് ദൃശ്യയെ കാണാതായത് അറിയുന്നത്. അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാവിലെ കുടുംബാംഗങ്ങള്‍ പാലാ പോലീസില്‍ പരാതി നല്‍കി.

ഇതിനിടയില്‍ നടത്തിയ അന്വേഷണത്തില്‍ വീടിന് 200 മീറ്റര്‍ അകലെ അയല്‍വാസിയുടെ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കിണറിന് സമീപത്ത് നിന്നും ടോര്‍ച്ചും കണ്ടെത്തി. പാലാ പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തഹസില്‍ദാര്‍ എസ്.ശ്രീജിത്തും സ്ഥലത്തെത്തി പരിശോധിച്ചു.

മൃതദേഹം പുറത്തെടുത്തപ്പോള്‍ പൊള്ളലേറ്റതായി കണ്ടിരുന്നു. തീ കൊളുത്തി ജീവനൊടുക്കുവാന്‍ ശ്രമിച്ചശേഷം കിണറ്റില്‍ ചാടുകയായിരുന്നുവെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. നാലുവര്‍ഷം മുമ്പാണ് വിവാഹിതരായത്. കുട്ടികളില്ല.

Content Highlights: Woman found dead in well at Pala