ബറേലി: ഉത്തര്‍പ്രദേശിലെ മിര്‍ഗഞ്ചില്‍ മതംമാറാന്‍ വിസമ്മതിച്ചതിന് ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്നുവെന്ന് പരാതി. ചുരായ് ദല്‍പത്പുര്‍ സ്വദേശി നിഷ (28) ആണ് മരിച്ചത്. സംഭവത്തിനുശേഷം ഭര്‍ത്താവ് ഇഖ്ബാല്‍ ഒളിവില്‍പ്പോയി.

ചൊവ്വാഴ്ചരാത്രിയാണ് നിഷയെ മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണം ആത്മഹത്യയല്ലെന്നും കയര്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ചുള്ള കൊലപാതകമാണെന്നും കണ്ടെത്തിയത്.

മകളെ മതംമാറ്റാനുള്ള ഇഖ്ബാലിന്റെ ശ്രമം എതിര്‍ത്തതിന്റെ പേരിലാണ് സുഹൃത്തുക്കളുടെ സഹായത്തോടെ നിഷയെ കൊലപ്പെടുത്തിയതെന്ന് മാതാവ് കൗശല്‍ ദേവി പോലീസില്‍ പരാതി നല്‍കി. ഹിന്ദുവാണെന്ന് അവകാശപ്പെട്ട് പത്തുവര്‍ഷംമുമ്പാണ് ഇഖ്ബാല്‍ നിഷയെ വിവാഹം കഴിച്ചത്.

ദമ്പതിമാര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്. ഇഖ്ബാല്‍ മതംമാറാന്‍ നിഷയുടെമേല്‍ സമ്മര്‍ദം തുടരുകയായിരുന്നെന്ന് മാതാവ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ടെന്നും പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് സൂപ്രണ്ട് രാജ് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു.