മുതലമട (പാലക്കാട്): തീപ്പിടിച്ച വീടിനകത്തെ അടച്ചിട്ട മുറിക്കുള്ളില്‍ യുവതിയെ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തി. കുറ്റിപ്പാടം മണലിയില്‍ കൃഷ്ണന്റെയും രുക്മിണിയുടെയും മകള്‍ സുമയാണ് (25) മരിച്ചത്. ഇവര്‍ക്ക് സംസാരശേഷിയുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞമാസം സുമയുടെ വിവാഹനിശ്ചയം നടന്നിരുന്നു.

തിങ്കളാഴ്ച രാവിലെ 10.15-ഓടെയാണ് സംഭവം. ഓടിട്ട വീടിന്റെ പുരപ്പുറത്തുനിന്നു പുക ഉയരുന്നത് അയല്‍ക്കാരാണ് ആദ്യം കണ്ടത്. അയല്‍വാസികള്‍ ഓടിയെത്തിയെങ്കിലും മുറി പൂട്ടിയനിലയിലായിരുന്നു. തുടര്‍ന്ന്, വീടിന്റെ പിന്നില്‍ അടുക്കളയോടുചേര്‍ന്ന ഭാഗത്തുകൂടി അകത്തുകടന്ന നാട്ടുകാര്‍ മുറി തുറന്നപ്പോഴാണ് യുവതിയെ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്. കൂടുതല്‍ അപകടമുണ്ടാകാതിരിക്കാന്‍ വീട്ടിലെ പാചകവാതക സിലിന്‍ഡര്‍ എടുത്തുമാറ്റുകയും വൈദ്യുതിബന്ധം വേര്‍പെടുത്തുകയുംചെയ്തതായി അയല്‍ക്കാരനായ കാജാഹുസൈന്‍ പറഞ്ഞു.

ഈസമയം മേല്‍പ്പുര കത്തി ഓടും കഴുക്കോലുമെല്ലാം താഴെവീണിരുന്നു. ഇതോടെ, കുടത്തിലും മറ്റും വെള്ളം കൊണ്ടുവന്നൊഴിച്ച്, തീപടരാതെ നോക്കിയതായി അയല്‍വാസി സഹാബുദ്ദീനും പറഞ്ഞു

തുടര്‍ന്ന്, കൊല്ലങ്കോട്ടുനിന്ന് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീ പൂര്‍ണമായി അണച്ചു. സംഭവസമയത്ത് വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. വീടിനടുത്ത് ചാലുകീറുന്ന പണിക്കുപോയതായിരുന്നു അച്ഛന്‍ കൃഷ്ണന്‍. അമ്മ രുക്മിണി പുളിയന്തോണിയില്‍ കല്യാണത്തിനും സഹോദരന്‍ സുധീഷ് ജോലിക്കായി പുതുനഗരത്തേക്കും പോയിരിക്കുകയായായിരുന്നു.

യുവതി കിടന്നിരുന്ന മുറിയിലെ ഫാനും ഉപയോഗിച്ചിരുന്ന ഫോണും കത്തിക്കരിഞ്ഞനിലയിലാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തതിനു കാരണമായതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

മുറി ഉള്ളില്‍നിന്നു പൂട്ടിയിരുന്നതിനാല്‍ യുവതി ജീവനൊടുക്കിയതാണോയെന്ന സംശയവും പോലീസിനുണ്ട്. കൂടുതല്‍ അന്വേഷണം നടത്തിയശേഷമേ മരണകാരണം വ്യക്തമാവൂയെന്ന് ചിറ്റൂര്‍ ഡിവൈ.എസ്.പി. സി. സേതു പറഞ്ഞു.

നല്ലേപ്പിള്ളി കമ്പിളിച്ചുങ്കം സ്വദേശിയുമായി മാര്‍ച്ച് 28-നായിരുന്നു സുമയുടെ വിവാഹനിശ്ചയം. ഓഗസ്റ്റ് 22-നാണ് കല്യാണത്തീയതിയായി നിശ്ചയിച്ചിരുന്നത്. യാക്കര ശ്രവണ സംസാര സ്‌കൂളില്‍ പഠിച്ച സുമ ബിരുദം പൂര്‍ത്തിയാക്കി പി.എസ്.സി. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു.

കൊല്ലങ്കോട് എസ്.ഐ. കെ. ഷാഹുല്‍, ഫോറന്‍സിക് ഫോട്ടോഗ്രാഫര്‍ എം.എ. സക്കീര്‍ഹുസൈന്‍, വി.കെ. രജീഷ്, സയിന്റിഫിക് ഓഫീസര്‍മാരായ ടി.വി. അനുനാഥ്, പി.കെ. മുഹമ്മദ് ഹാഷിന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ജില്ലാ ആശുപത്രിയിലേക്കു മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. സഹോദരി: സുധ.