പത്തിരിപ്പാല: മങ്കര മാങ്കുറിശ്ശിയിൽ യുവതിയെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ധോണി ഉമ്മിണി പുത്തൻവീട്ടിൽ അബ്ദുൾറഹിമാന്റെ മകൾ നഫ്‌ല യെയാണ് (19) മരിച്ചനിലയിൽ കണ്ടെത്തിയത്. മാങ്കുറിശ്ശി കക്കോട് അത്താണിപ്പറമ്പ് മുജീബിന്റെ ഭാര്യയാണ് നഫ്‌ല. വ്യാഴാഴ്ചരാത്രി എട്ടരയോടെയാണ് സംഭവം.

സംഭവസമയത്ത് മുജീബ് സ്ഥലത്തുണ്ടായിരുന്നില്ല. മുജീബെത്തി നഫ്‌ലയെ വിളിച്ചപ്പോൾ മറുപടി കേൾക്കാത്തതിനെത്തുടർന്ന് കിടപ്പുമുറിയുടെ വാതിൽ പൊളിച്ച് നോക്കുകയായിരുന്നു. ഉടൻ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മങ്കരപോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. ആർ.ഡി.ഒ. യുടെയും പോലീസിന്റെയും സാന്നിധ്യത്തിൽ തുടർനടപടി സ്വീകരിച്ചു. നഫ്‌ലയുടെ സഹോദരൻ നഫ്‌സൽ മരണവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചരാവിലെ മങ്കരപോലീസിൽ മൊഴി നൽകി. നഫ്‌ല വ്യാഴാഴ്ച വൈകീട്ട് നാലിന് സഹോദരി നസീദയെ വിളിച്ചിരുന്നതായി നഫ്‌സൽ പറഞ്ഞു. നഫ്‌ലയുടെ മരണവുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഡിവൈ.എസ്.പി. ക്ക് പരാതി നൽകുമെന്ന് സഹോദരൻ നഫ്‌സൽ പറഞ്ഞു. കമർലൈലയാണ് നഫ്‌ലയുടെ മാതാവ്.

Content Highlights: Woman found dead in house