കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ്. സബ് ഇന്‍സ്‌പെക്ടറുടെ താമസസ്ഥലത്ത് യുവതി തൂങ്ങി മരിച്ച നിലയില്‍. യു.പി. സ്വദേശി വിശ്വജിത്ത് സിങ്ങിന്റെ താമസസ്ഥലത്താണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ചത് ഒരു വര്‍ഷത്തോളമായി തന്റെ കൂടെ താമസിക്കുന്ന ബിഹാര്‍ സ്വദേശി നിഷ (28)യാണെന്നാണ് വിശ്വജിത്ത് സിങ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ യുവതിയുടെ പേരും മേല്‍വിലാസവും തെളിയിക്കുന്ന രേഖകളൊന്നും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

ഉണ്യാലുങ്ങലിലെ സ്വകാര്യ ലോഡ്ജിലാണ് വിശ്വജിത്ത് സിങ് താമസിക്കുന്നത്. അവധി കഴിഞ്ഞ് സ്വദേശത്തുനിന്ന് ഭാര്യയുമായി ഇയാള്‍ തിങ്കളാഴ്ചരാത്രി താമസസ്ഥലത്തെത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടത്. വാതില്‍ മുട്ടിവിളിച്ചിട്ടും തുറക്കാതായതോടെ പിന്‍ഭാഗത്തെ ജനല്‍ച്ചില്ല് പൊട്ടിച്ച് വീടിനകത്തേക്ക് നോക്കുകയായിരുന്നെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

യുവതിയുടെ ഇരുകൈകളിലെയും ഞരമ്പ് മുറിച്ച നിലയിലാണ്. മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. മുറിയില്‍നിന്ന് കത്തിയും ബ്ലേഡും പോലീസ് കണ്ടെത്തിട്ടുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

യുവതിയുടെ മേല്‍വിലാസം, ബന്ധുക്കള്‍ തുടങ്ങിയ കാര്യങ്ങള്‍ അറിയില്ലെന്നാണ് വിശ്വജിത്ത് സിങ് പോലീസിനോട് പറഞ്ഞത്. അസ്വഭാവിക മരണത്തിനാണ് കേസെടുത്തതെന്നും മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികളെടുക്കുമെന്നും എസ്.ഐ. എം.പി. ഇബ്രാഹിം പറഞ്ഞു.

Content Highlights: woman found dead in cisf officer's home in karippur