ആലപ്പുഴ: വള്ളികുന്നത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വള്ളികുന്നം ലക്ഷ്മിഭവനത്തിൽ വിഷ്ണുവിന്റെ ഭാര്യയും കൃഷ്ണപുരം കൊച്ചുമുറി സുനിൽ ഭവനത്തിൽ സുനിൽ -സുനിത ദമ്പതിമാരുടെ മകളുമായ സുചിത്ര(19)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സുചിത്രയെ കിടപ്പുമുറിയിൽ തൂങ്ങിയനിലയിൽ കണ്ടത്.

സംഭവസമയം വിഷ്ണുവിന്റ മാതാവ് സുലോചന മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ എട്ടരയോടെ സുചിത്ര പ്രഭാതഭക്ഷണം കഴിച്ച് കിടപ്പുമുറിയിലേക്ക് പോയതായിരുന്നു. ഒമ്പത് മണിയോടെ സുലോചന മുറിയുടെ വാതിൽ തട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് അയൽക്കാരെ വിളിച്ചുവരുത്തി വാതിൽ തള്ളിത്തുറന്നപ്പോഴാണ് യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.

2021 മാർച്ച് 21-നായിരുന്നു സൈനികനായ വിഷ്ണുവും സുചിത്രയും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം സൈനികനായ വിഷ്ണു ജോലി സ്ഥലമായ ഉത്തരാഖണ്ഡിലേക്ക് പോയിരുന്നു.

വിവരമറിഞ്ഞ് വള്ളികുന്നം എസ്.എച്ച്.ഒ. മിഥുന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ആർ.ഡി.ഒ.യുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോകും.

കഴിഞ്ഞദിവസം കൊല്ലം ശാസ്താംകോട്ടയിൽ വിസ്മയ എന്ന യുവതിയെയും ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സ്ത്രീപീഡനത്തെ തുടർന്നുള്ള കൊലപാതകമാണിതെന്നായിരുന്നു വിസ്മയയുടെ മാതാപിതാക്കളുടെ ആരോപണം. സംഭവത്തിൽ വിസ്മയയുടെ ഭർത്താവും അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായ കിരൺകുമാർ അറസ്റ്റിലായി.

വിസ്മയയുടെ മരണത്തിന്റെ ഞെട്ടൽമാറും മുമ്പേയാണ് തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി അർച്ചനയെ വാടകവീട്ടിൽ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് സുരേഷ് മകളെ കൊലപ്പെടുത്തിയതാണെന്നാണ് അർച്ചനയുടെ മാതാപിതാക്കളുടെ ആരോപണം. സുരേഷിന്റെ വീട്ടുകാർ സ്ത്രീധനമായി കൂടുതൽ പണം ആവശ്യപ്പെട്ടിരുന്നതായും ഇവർ പറഞ്ഞിരുന്നു. കേസിൽ സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ രണ്ട് സംഭവങ്ങൾക്കും പിന്നാലെയാണ് ആലപ്പുഴയിലും സമാനരീതിയിൽ ഒരു യുവതി കൂടി മരിച്ചിരിക്കുന്നത്.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)


Content Highlights:woman found dead at husband home in vallikunnam alappuzha