പാലക്കാട്: പത്തിരിപ്പാല മങ്കര മാങ്കുറിശ്ശിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകളുണ്ടെന്ന് പരാതി. ധോണി ഉമ്മിണി പുത്തന്‍വീട്ടില്‍ അബ്ദുള്‍റഹ്മാന്റെ മകള്‍ നഫ്‌ല(19)യുടെ മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഭര്‍തൃവീട്ടില്‍ കടുത്ത മാനസികപീഡനമാണ് നഫ്‌ല നേരിട്ടതെന്നും ഭര്‍തൃമാതാവും ഭര്‍തൃസഹോദരിയും നഫ്‌ലയെ നിരന്തരം പരിഹസിച്ചിരുന്നതായും സഹോദരന്‍ നഫ്‌സല്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. സംഭവത്തില്‍ മങ്കര പോലീസില്‍ വിശദമായ പരാതി നല്‍കിയതായും നഫ്‌സല്‍ പറഞ്ഞു. 

മാങ്കുറിശ്ശി കക്കോട് അത്താണിപ്പറമ്പ് മുജീബിന്റെ ഭാര്യയാണ് നഫ്‌ല. പാലക്കാട്ടെ സ്വകാര്യ കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. പത്തുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. വ്യാഴാഴ്ച രാത്രിയാണ് നഫ്‌ലയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി വീട്ടില്‍ തിരിച്ചെത്തിയ മുജീബ് വാതിലില്‍ തട്ടി വിളിച്ചെങ്കിലും നഫ്‌ലയുടെ പ്രതികരണമുണ്ടായിരുന്നില്ല. തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോള്‍ നഫ്‌ലയെ മരിച്ചനിലയില്‍ കണ്ടെത്തിയെന്നാണ് പ്രാഥമിക മൊഴി.  

അതേസമയം, വിവാഹം കഴിഞ്ഞ് പത്ത് മാസം കഴിഞ്ഞിട്ടും ഗര്‍ഭം ധരിക്കാത്തതിനാല്‍ നഫ്‌ല ക്രൂരമായ മാനസികപീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സഹോദരന്‍ നഫ്‌സല്‍ ആരോപിച്ചു. 'ജനുവരി 21-നായിരുന്നു വിവാഹം. പത്ത് മാസമായിട്ടും ഗര്‍ഭം ധരിക്കാത്തതിനാല്‍ ഭര്‍തൃമാതാവും ഭര്‍തൃസഹോദരിയും നഫ്‌ലയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു. ഗര്‍ഭധാരണത്തിന് ഡോക്ടറെ കണ്ട് ചികിത്സയെല്ലാം തേടിയിരുന്നു. മാത്രമല്ല, അല്പം തടിച്ച ശരീരപ്രകൃതമാണ് അവളുടേത്. അതിന്റെപേരിലും ഭര്‍തൃവീട്ടില്‍നിന്ന് പരിഹാസം നേരിട്ടിരുന്നു. തടി കുറയ്ക്കാന്‍ ഭക്ഷണം നിയന്ത്രിക്കുകയും ദിവസം നാല് കിലോമീറ്റര്‍ വരെ നടക്കുകയുമെല്ലാം ചെയ്തു. പക്ഷേ, അവര്‍ പരിഹാസം തുടരുകയായിരുന്നു'. 

'ഇത്രയും തടിയുള്ള ഞാന്‍ ഇവിടെ ജീവിച്ചിട്ട് കാര്യമില്ല, എല്ലാവര്‍ക്കും ഒരുഭാരമാണ്. എന്റെ ഇക്കാക്ക് ഒരു കുട്ടിയെ കൊടുക്കാന്‍ കഴിയുന്നില്ല എന്നാണ് അവള്‍ ഡയറിയില്‍ എഴുതിയിരുന്നത്. വളരെ ബോള്‍ഡായ കുട്ടിയായിരുന്നു നഫ്‌ല. അത്രയേറെ മാനസികപീഡനവും പരിഹാസവും അവള്‍ നേരിട്ടുണ്ട്. അതാണ് ഇത്തരമൊരു സംഭവത്തിലേക്ക് നയിച്ചത്'- നഫ്‌സല്‍ പറഞ്ഞു. 

Read Also: ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ യുവതി തൂങ്ങിമരിച്ചു; പരാതി നല്‍കുമെന്ന് സഹോദരന്‍...

ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും ഡയറിയില്‍ മാനസികപീഡനത്തെക്കുറിച്ചെല്ലാം എഴുതിയിട്ടുണ്ട്. മരണത്തിന് ആരും കാരണക്കാരല്ലെന്നും, താന്‍ മാത്രമാണ് കാരണക്കാരിയെന്നും എഴുതിയിരുന്നു. ഡയറി ഇപ്പോള്‍ പോലീസിന്റെ കൈവശമാണെന്നും നഫ്‌സല്‍ പറഞ്ഞു. 

സഹോദരിയുടെ മരണത്തിലും ചില സംശങ്ങളുണ്ടെന്നും നഫ്‌സല്‍ ആരോപിച്ചു. ജനലില്‍ തൂങ്ങിമരിച്ചെന്നാണ് ഭര്‍തൃവീട്ടുകാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ജനലിനോട് ചേര്‍ന്ന് ഒരു മേശയും കട്ടിലുമെല്ലാം ഉണ്ട്. കൈ എത്തുന്നദൂരത്താണ് ഇത്. മാത്രമല്ല, ഷാള്‍ കഴുത്തില്‍ കുരുക്കി മരിച്ചെന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കഴുത്തില്‍ കയറിന്റെ പാടുകളുണ്ടെന്നും സഹോദരന്‍ ആരോപിച്ചു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചാണ് മങ്കര പോലീസില്‍ പരാതി നല്‍കിയിട്ടുള്ളതെന്നും മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടി വേണമെന്നും സഹോദരന്‍ ആവശ്യപ്പെട്ടു. 

Content Highlights: woman found dead at husband home in mankara palakkad family given complaint and allegations, nafla death palakkad,