ആലപ്പുഴ: ചേർത്തല കടക്കരപ്പള്ളിയിൽ സഹോദരീ ഭർത്താവിന്റെ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കടക്കരപ്പള്ളി തളിശേരിതറ ഹരികൃഷ്ണ (25) ആണ് മരിച്ചത്. സഹോദരി ഭർത്താവ് കടക്കരപ്പള്ളി പുത്തൻകാട്ടിൽ രതീഷിനെ വീട്ടിൽനിന്നു കാണാതായിട്ടുണ്ട്.

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ താൽകാലിക നഴ്സാണ് ഹരികൃഷ്ണ. അവിവാഹിതയാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രി നഴ്സായ സഹോദരിയ്ക്ക് ഇന്നലെ രാത്രി ജോലിയായിരുന്നു. കുട്ടികളെ നോക്കാനായി രതീഷ് ഹരികൃഷ്ണയെ വീട്ടിലേക്ക് വരുത്തി എന്നാണ് പ്രാഥമിക വിവരം.

ഹരികൃഷ്ണയേയും രതീഷിനെയും ഫോണിൽ കിട്ടാത്തതിനെ തുടർന്ന് ഹരികൃഷ്ണയുടെ വീട്ടുകാരും പോലീസും നടത്തിയ അന്വഷത്തിലാണ് മൃതദേഹം കണ്ടത്തിയത്. രതീഷിനെ വീട്ടിൽനിന്ന് കാണാതായതിലും ദുരൂഹതയുണ്ട്. സംഭവത്തിൽ പട്ടണക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Content Highlights:woman found dead at her brother in law home in cherthala