ഗ്വാളിയോര്‍: ഭര്‍ത്താവും ഭര്‍തൃമാതാവും നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ച യുവതി മരിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോര്‍ സ്വദേശിയായ ശശി ജാദവ് ആണ് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് 'ആരെയും വെറുതെവിടരുതെന്ന്' പറഞ്ഞ് യുവതി വീഡിയോ സന്ദേശം പോലീസിന് കൈമാറിയിരുന്നു. ഇത് മരണമൊഴിയായി കണക്കാക്കി അറസ്റ്റിലായ പ്രതികള്‍ക്കെതിരേ കൊലക്കുറ്റം കൂടി ചുമത്തുമെന്ന് ഗ്വാളിയോര്‍ എസ്.പി. അമിത് സാങ്കി മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ഏപ്രിലിലാണ് ദബ്ര സ്വദേശിയായ വിരേന്ദ്ര ജാദവും ശശി ജാദവും വിവാഹിതരായത്. എന്നാല്‍ വിവാഹശേഷം അധിക സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് യുവതിയെ ഉപദ്രവിച്ചിരുന്നു. ജൂണ്‍ 27-ാം തീയതിയും പണം ആവശ്യപ്പെട്ട് ഉപദ്രവമുണ്ടായി. മൂന്ന് ലക്ഷം രൂപ മാതാപിതാക്കളില്‍നിന്ന് വാങ്ങിനല്‍കണമെന്നായിരുന്നു ഭര്‍ത്താവ് യുവതിയോട് ആവശ്യപ്പെട്ടത്. ഇതിന് വിസമ്മതിച്ചതോടെ ഭര്‍ത്താവും ഭര്‍തൃമാതാവും ഭര്‍ത്താവിന്റെ സഹോദരിയും ചേര്‍ന്ന് നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിക്കുകയായിരുന്നു. 

ആസിഡ് ഉള്ളില്‍ച്ചെന്ന് അവശനിലയിലായ യുവതിയെ ആദ്യം ഗ്വാളിയോറിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതോടെ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെവെച്ചാണ് ഭര്‍ത്താവും കുടുംബാംഗങ്ങളും നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചതാണെന്ന് യുവതി മൊഴി നല്‍കിയത്.

അതിനിടെ, സംഭവത്തില്‍ ദബ്ര പോലീസ് സ്ത്രീധന പീഡന നിയമപ്രകാരം മാത്രമാണ് ആദ്യം കേസെടുത്തത്. ഇതില്‍ വലിയ വിമര്‍ശനമുയര്‍ന്നതോടെ കേസ് അന്വേഷിച്ച സബ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തത്. 

Content Highlights: woman forced to drink acid by husband and in laws dies in hospital