ഭോപ്പാൽ: രഹസ്യബന്ധമുണ്ടെന്ന ഭർത്താവിന്റെ ആരോപണത്തിൽ ഭാര്യയെ വിചിത്രമായ രീതിയിൽ ക്രൂരമായി ശിക്ഷിച്ച് ഗ്രാമവാസികള്‍. ഭർത്താവിനെ തോളിലേറ്റി റോഡിലൂടെ നടത്തിച്ചും മർദിച്ചുമാണ് യുവതിയെ ശിക്ഷിച്ചത്. മധ്യപ്രദേശിലെ ജബുവ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം.

യുവതി ഭർത്താവിനെ തോളിലേറ്റി നടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിയുന്നത്. നാട്ടുകാർ തന്നെയാണ് വീഡിയോ ചിത്രീകരിച്ചത്. യുവതി ഭർത്താവിനെ ചുമലിലേറ്റി നടക്കുന്നതും നാട്ടുകാർ ബഹളംവെയ്ക്കുന്നതും നടത്തം നിർത്തിയാൽ വടി കൊണ്ട് മർദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ക്രൂരമായ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നിട്ടും ആരും യുവതിയെ രക്ഷിക്കാനെത്തിയില്ലെന്നും എല്ലാവരും മൊബൈലിൽ വീഡിയോ പകർത്തിയെന്നുമാണ് റിപ്പോർട്ട്. സംഭവം വിവാദമായതോടെ യുവതിയുടെ ഭർത്താവടക്കം ഏഴ് പേർക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു.

മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയും ഭർത്താവും ഗുജറാത്തിലെ കൂലിപ്പണിക്കാരായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇരുവരും സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയത്. എന്നാൽ നാട്ടിൽ വന്നതിന് പിന്നാലെ ഒപ്പം ജോലിചെയ്യുന്ന മറ്റൊരാളുമായി ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്ന് ഭർത്താവ് കുടുംബാംഗങ്ങളോടും നാട്ടുകാരോടും പരാതി പറഞ്ഞു. ഇതോടെയാണ് നാട്ടുകാരും കുടുംബവും യുവതിയെ ശിക്ഷിക്കാൻ തീരുമാനിച്ചത്.

Content Highlights:woman forced to carry her husband on shoulders as a punishment for illicit relationship