അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ യുവതി നദിയില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരേ പോലീസ് കേസെടുത്തു. യുവതി അവസാനം പകര്‍ത്തിയ വീഡിയോയും കുടുംബാംഗങ്ങളുടെ മൊഴിയും കണക്കിലെടുത്താണ് ഭര്‍ത്താവിനെതിരേ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് പോലീസ് കേസെടുത്തത്. ജീവനൊടുക്കുന്നതിന് മുമ്പ് യുവതി സ്വന്തം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 

കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് അഹമ്മദാബാദ് സ്വദേശിയായ ആയിഷ ആരിഫ് ഖാന്‍(23) സബര്‍മതി നദിയില്‍ ചാടി ജീവനൊടുക്കിയത്. ആത്മഹത്യയ്ക്ക് മുമ്പ് നദിയുടെ സമീപത്തുനിന്ന് ആയിഷ മൊബൈലില്‍ വീഡിയോ ചിത്രീകരിക്കുകയും ഇത് ഭര്‍ത്താവിന് അയച്ചുനല്‍കുകയും ചെയ്തിരുന്നു. ജീവനൊടുക്കാനുള്ള തന്റെ തീരുമാനത്തിന് പിന്നില്‍ ആരുമില്ലെന്ന് വീഡിയോയില്‍ പറയുന്നുണ്ടെങ്കിലും താന്‍ അനുഭവിച്ച പ്രശ്‌നങ്ങളും യുവതി തുറന്നുപറഞ്ഞിരുന്നു. 

സ്വയം പരിചയപ്പെടുത്തി പുഞ്ചിരിയോട് കൂടിയാണ് ആയിഷയുടെ വീഡിയോ ആരംഭിക്കുന്നത്. പിന്നീട് ആയിഷ പറയുന്ന വാക്കുകള്‍ ഇങ്ങനെ:- ' ഞാന്‍ ഈ ചെയ്യാന്‍ പോകുന്നത് എന്റെ തീരുമാനമാണ്. ഇതിനുപിന്നില്‍ ആരുടെയും സമ്മര്‍ദമില്ല. ഇപ്പോള്‍ എനിക്കൊന്നും പറയാനില്ല. ദൈവം എനിക്ക് നല്‍കിയത് ചുരുങ്ങിയ ജീവിതം മാത്രമാണെന്ന് ഞാന്‍ മനസിലാക്കുന്നു. ആരിഫിന് വേണ്ടത് സ്വാതന്ത്ര്യമായിരുന്നു. ഞാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യം നല്‍കും. ദൈവത്തെ കാണാന്‍ പോകുന്നതില്‍ ഞാന്‍ സന്തോഷവതിയാണ്. എന്റെ തെറ്റ് എന്തായിരുന്നുവെന്ന് ഞാന്‍ ദൈവത്തോട് ചോദിക്കും. ഇപ്പോള്‍ ഞാനൊരു കാര്യം പഠിച്ചു. നിങ്ങള്‍ക്ക് സ്‌നേഹിക്കണമെന്നുണ്ടെങ്കില്‍ അത് രണ്ടുപേരുടെയും കൂടെ സ്‌നേഹമാകണം. ഒരാള്‍ മാത്രം സ്‌നേഹിച്ചാല്‍ ഒന്നും നേടാനാകില്ല. ഞാന്‍ ഈ കാറ്റിനെ പോലെയാണ്. എനിക്ക് ഒഴുകി നടക്കണം. ഇന്ന് ഞാന്‍ ഏറെ സന്തോഷത്തിലാണ്. നിങ്ങളെല്ലാം എന്നെ പ്രാര്‍ഥനയില്‍ ഓര്‍മിക്കണം. സ്വര്‍ഗത്തിലേക്കാണോ അതോ നരകത്തിലേക്കോ ഞാന്‍ പോവുകയെന്ന് എനിക്കറിയില്ല'- രണ്ട് മിനിറ്റിലേറേ ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ആയിഷ പറഞ്ഞു. 

മൊബൈലില്‍ ഈ വീഡിയോ ചിത്രീകരിച്ച് ഭര്‍ത്താവിന് അയച്ചുനല്‍കിയതിന് പിന്നാലെയാണ് യുവതി നദിയില്‍ ചാടിയതെന്നാണ് ടൈംസ് നൗവിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ വീഡിയോ കണ്ട ഭര്‍ത്താവ് ആരിഫ് ഭാര്യയെ സമാധാനിപ്പിക്കുന്നതിന് പകരം നീ തോന്നുന്നത് പോലെ ചെയ്‌തോ എന്നാണ് മറുപടി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നദിയില്‍ ചാടിയ യുവതിയെ കണ്ടെത്താനായി അഗ്നിരക്ഷാ സേന ജീവനക്കാരും മുങ്ങല്‍ വിദഗ്ധരും ഏറെനേരം തിരച്ചില്‍ നടത്തി. ഒടുവില്‍ യുവതിയെ കണ്ടെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. 

അതിനിടെ, ആരിഫിനും കുടുംബത്തിനുമെതിരേ യുവതിയുടെ കുടുംബവും രംഗത്തെത്തി. 2018-ല്‍ വിവാഹം കഴിഞ്ഞതിന് പിന്നാലെ സ്ത്രീധനത്തിന്റെ പേരില്‍ ആരിഫ് യുവതിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് ഇവരുടെ ആരോപണം. ഉപദ്രവം തുടര്‍ന്നതോടെ ആയിഷ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി. തുടര്‍ന്ന് ചിലര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചതോടെ ആയിഷ ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങിപ്പോയി. ഇതിനുപിന്നാലെ ആയിഷയുടെ പിതാവ് ഒന്നരലക്ഷം രൂപയും ആരിഫിന് നല്‍കി. എന്നാല്‍ ഇതിനുശേഷവും സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവം തുടര്‍ന്നതായാണ് കുടുംബത്തിന്റെ ആരോപണം. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

 

Content Highlights: woman filmed video before committing suicide police case against her husband