ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എക്കെതിരെ യുവതിയുടെ പീഡനപരാതി. രവീന്ദ്രനാഥ് ത്രിപാഠി എംഎല്‍എയ്ക്കും അദ്ദേഹത്തിന്റെ ബന്ധുക്കളായ ആറുപേര്‍ക്കും എതിരെയാണ് പരാതി. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്നും ബദോഹി എസ്.പി. രാംഭദന്‍ സിങ് പറഞ്ഞു. 

2017-ലെ നിയമസഭ തിരഞ്ഞെടുപ്പ് കാലത്താണ് പീഡനം നടന്നതെന്നാണ് യുവതിയുടെ പരാതി. ത്രിപാഠിയുടെ സഹോദരിപുത്രനാണ് തന്നെ ബദോഹിയിലെ ഹോട്ടലിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് ഒരു മാസത്തോളം തടവിലാക്കി എംഎല്‍എയും അദ്ദേഹത്തിന്റെ ബന്ധുക്കളായ ചിലരും ചേര്‍ന്ന് നിരന്തരം ബലാത്സംഗത്തിനിരയാക്കിയെന്നും പരാതിയില്‍ പറയുന്നു. 

അതേസമയം, യുവതിയുടെ പരാതിയും ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്നായിരുന്നു ത്രിപാഠിയുടെ പ്രതികരണം. പരാതി നല്‍കിയത് കൊണ്ട് മാത്രം കാര്യമില്ല, അന്വേഷണം നടക്കട്ടെ. പ്രാഥമികമായ അന്വേഷണത്തില്‍ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ താനും തന്റെ കുടുംബവും തൂക്കിലേറാന്‍ വരെ തയ്യാറാണെന്നും എംഎല്‍എ പറഞ്ഞു. 

ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗ്യാന്‍പുര്‍ എംഎല്‍എയായ വിജയ് മിശ്രയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതുവരെ 78 ക്രിമിനല്‍ കേസുകളാണ് വിജയ് മിശ്ര തനിക്കെതിരെ നല്‍കിയിട്ടുള്ളതെന്നും ഇനി പീഡനം നടന്നിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പിന്റെ സമയത്ത് പരാതി നല്‍കാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു. 

Content Highlights: woman filed rape complaint against a bjp mla in uttarpradesh