ഹൈദരാബാദ്: സ്ത്രീകളടക്കം 143 പേർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. ഹൈദരാബാദ് സ്വദേശിയായ 25 വയസ്സുകാരിയാണ് 143 പേർക്കെതിരെ പഞ്ചഗുട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയിൽ കേസെടുത്തതായും എഫ്.ഐ.ആർ. തയ്യാറാക്കിയതായും പോലീസ് പറഞ്ഞു.

വിവിധ സമയങ്ങളിലായി 143 പേർ പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. ഇവരുടെ പേരുകളും പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. കുടുംബാംഗങ്ങളും ബന്ധുക്കളും രാഷ്ട്രീയബന്ധമുള്ളവരും വിദ്യാർഥി നേതാക്കളും മാധ്യമ, സിനിമാ രംഗത്തുള്ളവരും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

യുവതിയുടെ പരാതിയിൽ 42 പേജുകളിലാണ് പോലീസ് എഫ്.ഐ.ആർ. തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ 41 പേജുകളിലും പ്രതികളുടെ പേര് വിവരങ്ങളാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങൾക്ക് എസ്.സി/എസ്.ടി. നിയമപ്രകാരമുള്ള കുറ്റങ്ങളും കേസിൽ ചുമത്തിയിട്ടുണ്ട്. യുവതിയെ വൈദ്യപരിശോധനയ്ക്ക് അയച്ചതായും സംഭവത്തിൽ ആരോപണവിധേയരായ ഓരോരുത്തരെയും വിളിച്ച് ചോദ്യംചെയ്യുമെന്നും പോലീസ് അറിയിച്ചു.

Content Highlights:woman filed rape complaint against 143 persons in hyderabad