മുംബൈ:  ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടയാള്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍വെച്ച് യുവതിയെ പീഡിപ്പിച്ചതായി പരാതി. മുംബൈ വര്‍ളിയിലെ ഹോട്ടലില്‍വെച്ചാണ് വൈനില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി യുവതിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ഡേറ്റിങ് ആപ്പിലൂടെയാണ് യുവതി പ്രതിയെ പരിചയപ്പെട്ടത്. ഒരു മാസത്തിലേറെയായി ഇരുവരും നിരന്തരം ചാറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച യുവതിയുടെ ജന്മദിനത്തില്‍ പ്രതി പാര്‍ട്ടി സംഘടിപ്പിച്ചു. വര്‍ളിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് യുവതിക്ക് വേണ്ടി പാര്‍ട്ടിയൊരുക്കിയത്. ഇവിടെയെത്തിയ യുവതിയെ ഇയാള്‍ വൈനില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം പീഡിപ്പിച്ചെന്നാണ് ആരോപണം. 

ഒരു ഗ്ലാസ് വൈന്‍ കുടിച്ചതോടെ താന്‍ മയങ്ങിപ്പോയെന്നും പിന്നാലെ പ്രതി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. പിന്നീട് വീട്ടിലെത്തിയ ശേഷമാണ് ഇക്കാര്യം പുറത്തുപറഞ്ഞത്. ഉടന്‍തന്നെ വീട്ടുകാര്‍ യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. യുവതി നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. 

പരാതിയില്‍ കേസെടുത്തതായും പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. 

Content Highlights: woman filed complaint she was raped by dating app friend on her birthday