ഗുരുഗ്രാം: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടയാളും ഇയാളുടെ സുഹൃത്തുക്കളുമടക്കം 25 പേർ ബലാത്സംഗത്തിനിരയാക്കിയെന്ന് യുവതിയുടെ പരാതി. ഡൽഹിയിൽ വീട്ടുജോലി ചെയ്യുന്ന യുവതിയാണ് ഹരിയാണ ഹസൻപുർ പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ യുവതിയുടെ ഫെയ്സ്ബുക്ക് സുഹൃത്തായ സാഗർ എന്നയാളെ അറസ്റ്റ് ചെയ്തെന്നും മറ്റു പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

മെയ് ആദ്യവാരമായിരുന്നു കേസിനാസ്പദമായ സംഭവം. നാല് വർഷം മുമ്പ് ഡൽഹിയിൽ താമസം ആരംഭിച്ച യുവതി ഇക്കഴിഞ്ഞ ജനുവരിയിലാണ് സാഗർ എന്നയാളെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും തമ്മിൽ അടുപ്പത്തിലാവുകയും ഫോൺ നമ്പറുകൾ കൈമാറുകയും ചെയ്തു. തുടർന്ന് യുവാവ് യുവതിയോട് വിവാഹഭ്യർഥന നടത്തി. വിവാഹത്തിന് മുന്നോടിയായി തന്റെ മാതാപിതാക്കളെ പരിചയപ്പെടാൻ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇതനുസരിച്ചാണ് മെയ് മൂന്നിന് യുവതി ഹൊദാൽ എന്ന സ്ഥലത്ത് എത്തിയത്.

എന്നാൽ യുവതിയെ വീട്ടിലേക്ക് കൊണ്ടുപോകാതെ സാഗർ രാംഘട്ട് ഗ്രാമത്തിലെ വനത്തിലേക്കാണ് കൊണ്ടുപോയത്. ഇവിടെവെച്ച് സാഗറും ഇയാളുടെ സഹോദരനും സുഹൃത്തുക്കളും അടക്കം ഇരുപതോളം പേർ യുവതിയെ ബലാത്സംഗം ചെയ്തു. ഒരു രാത്രി മുഴുവൻ നീണ്ട ഉപദ്രവത്തിന് ശേഷം പിറ്റേ ദിവസം സാഗർ യുവതിയെ ആകാശ് എന്ന ആക്രിക്കച്ചവടക്കാരന്റെ അടുത്തെത്തിച്ചു. ഇവിടെവെച്ച് അഞ്ചു പേർ യുവതിയെ ബലാത്സംഗത്തിനിരയാക്കി. നിരന്തരമായ ശാരീരിക ഉപദ്രവം കാരണം അവശനിലയിലായ യുവതിയെ പ്രതികൾ പിന്നീട് ബദർപുർ അതിർത്തിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നാണ് പരാതിയിൽ പറയുന്നത്.

മെയ് 12-നാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് പരാതി നൽകാൻ വൈകിയതെന്നായിരുന്നു ഇവരുടെ വിശദീകരണം. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും മറ്റു പ്രതികളെയും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

Content Highlights:woman filed complaint she says she was raped by 25