അഹമ്മദാബാദ്: റെയിൽവേ ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയ്ക്കെതിരേ കേസെടുത്തു. മണിനഗർ സ്വദേശി ഗീത പർമാറിനെതിരെ(32)യാണ് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി ഷഹർകോട്ട്ഡ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ആത്മഹത്യ ചെയ്ത റെയിൽവേ ജീവനക്കാരൻ സുരേന്ദ്രസിൻഹയുടെ മാതാവിന്റെ പരാതിയിലാണ് പോലീസിന്റെ നടപടി.

മകൻ ജീവനൊടുക്കാൻ കാരണം മരുമകളാണെന്ന് ആരോപിച്ചാണ് സുരേന്ദ്രസിൻഹയുടെ മാതാവ് മുലി പർമാർ പരാതി നൽകിയത്. ജൂലായ് 27-നാണ് സുരേന്ദ്രസിൻഹയെ സരസ്പുരിലെ സ്വവസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

2018 ഒക്ടോബറിലായിരുന്നു സുരേന്ദ്ര സിൻഹയും ഗീതയും തമ്മിലുള്ള വിവാഹം. സുരേന്ദ്രസിൻഹയുടെ രണ്ടാം വിവാഹവും ഗീതയുടെ മൂന്നാം വിവാഹവുമായിരുന്നു. എന്നാൽ വിവാഹത്തിന് ശേഷം മകനും മരുമകളും ശാരീരികബന്ധത്തിലേർപ്പെട്ടിട്ടില്ലെന്നാണ് സുരേന്ദ്രസിൻഹയുടെ മാതാവ് പരാതിയിൽ ആരോപിക്കുന്നത്. ഇരുവരും രണ്ട് കട്ടിലുകളിലായാണ് കിടന്നിരുന്നത്. ഇക്കാര്യത്തെക്കുറിച്ച് മകനോട് ചോദിച്ചപ്പോൾ ഗീത ശാരീരികബന്ധത്തിന് അനുവദിക്കുന്നില്ലെന്നായിരുന്നു മറുപടി. ഒരുമിച്ച് കിടക്കാൻ പോലും മരുമകൾ സമ്മതിച്ചിരുന്നില്ല. ഇതിനെത്തുടർന്ന് മകൻ വിഷാദത്തിലായെന്നും മാനസികബുദ്ധിമുട്ടുകൾ നേരിട്ടെന്നും പരാതിയിൽ പറയുന്നു. പിന്നാലെ ദമ്പതിമാർക്കിടയിൽ നിസാരകാര്യങ്ങൾക്ക് പോലും വലിയ വഴക്കുണ്ടായി. ഗീത സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു. ഇതോടെ മകൻ കടുത്ത വിഷാദത്തിലേക്ക് നീങ്ങിയെന്നും മാതാവ് ആരോപിച്ചു. ജൂലായ് 27-ന് വീട്ടുകാർ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്താണ് സുരേന്ദ്രസിൻഹ ജീവനൊടുക്കിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights:woman filed complaint on her sons suicide she says daughter in law denied sex with her son