ഭോപ്പാൽ: സഹോദരങ്ങൾ കൂട്ടബലാത്സംഗം ചെയ്തെന്ന് 36-കാരിയുടെ പരാതി. മധ്യപ്രദേശിലെ മിസ്റോദ് പോലീസ് സ്റ്റേഷനിലാണ് വിവാഹമോചിതയായ യുവതി പരാതി നൽകിയത്. എട്ട് മാസം മുമ്പ് രണ്ട് സഹോദരന്മാർ ചേർന്ന്  തന്നെ കൂട്ടബലാത്സംഗം ചെയ്തെന്നും ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞപ്പോൾ അവർ ഉപദ്രവിച്ചെന്നുമാണ് യുവതിയുടെ ആരോപണം.

വിവാഹമോചനം നേടിയ യുവതി സ്വന്തം വീട്ടിലാണ് താമസം. അവിവാഹിതരായ സഹോദരങ്ങൾ ബലാത്സംഗം ചെയ്ത വിവരം മാതാപിതാക്കളോട് പറഞ്ഞിരുന്നു. എന്നാൽ മാതാപിതാക്കൾ തന്നെ മർദിക്കുകയും പരാതി നൽകരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് പുറമേ കുടുംബാംഗങ്ങൾ തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

അതേസമയം, യുവതിയുടേത് വ്യാജ പരാതിയാണെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. വിവാഹമോചനത്തിന് പിന്നാലെ പണം ആവശ്യപ്പെട്ട് യുവതി മാതാപിതാക്കളെ നിരന്തരം ഉപദ്രവിക്കാറുണ്ട്. വീട് സ്വന്തം പേരിൽ എഴുതിനൽകണമെന്നാണ് ആവശ്യം. ഇക്കാര്യത്തെ ചൊല്ലി ഉപദ്രവം പതിവാണെന്നും ഓഗസ്റ്റ് 22-ന് യുവതിക്കെതിരേ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.

സംഭവത്തിൽ ഇരുകൂട്ടരുടെയും പരാതി നിലനിൽക്കുന്നതിനാൽ വിശദമായ അന്വേഷണം വേണമെന്നായിരുന്നു പോലീസിന്റെ പ്രതികരണം. കേസിൽ അന്വേഷണം തുടരുകയാണെന്നും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ഭോപ്പാൽ ഡി.ഐ.ജി. ഇർഷാദ് വാലി പറഞ്ഞു.

Content Highlights:woman filed complaint against brothers she says they gang raped her on february