ന്യൂഡൽഹി: യുവതി കെട്ടിടത്തിന്റെ നാലാംനിലയിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. ഡൽഹി ഷാകുർപുരിൽ താമസിക്കുന്ന മുകേഷ് കുമാർ(35) ഇയാളുടെ സഹായി എന്നിവരെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. കെട്ടിടത്തിൽനിന്ന് വീണതിന് പിന്നാലെ മുകേഷ് കുമാർ യുവതിയെ ചുമലിലേറ്റി കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇയാൾക്കെതിരേ അയൽക്കാരും മൊഴി നൽകി. ഇതിനുപിന്നാലെയാണ് ഡൽഹിയിൽനിന്ന് രക്ഷപ്പെടുന്നതിനിടെ ലഖ്നൗ-ആഗ്ര ഹൈവേയിൽവെച്ച് പോലീസ് പ്രതികളെ പിടികൂടിയത്.

ശനിയാഴ്ചയാണ് മുകേഷ് കുമാറിന്റെ ഫ്ളാറ്റിൽനിന്ന് വീണ് യുവതി മരിച്ചത്. നാലാംനിലയിൽനിന്ന് താഴേക്ക് വീണ് യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പിന്നാലെ ഫ്ളാറ്റിൽനിന്ന് പുറത്തെത്തിയ മുകേഷ്കുമാർ യുവതിയെ തോളിലേറ്റി സമീപത്തെ മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട ചില അയൽക്കാരാണ് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് പോലീസെത്തി യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

മരിച്ച യുവതി ജാർഖണ്ഡ് സ്വദേശിയാണെന്നും ഇവർക്ക് 22 വയസ്സ് പ്രായമുണ്ടെന്നും പോലീസ് പറഞ്ഞു. ഏതാനുംദിവസങ്ങൾക്ക് മുമ്പാണ് ഇവർ ജോലിക്കായി ഡൽഹിയിലെത്തിയത്. വീട്ടുജോലിക്കാരെ നൽകുന്ന ഏജന്റായ മുകേഷിനെ ഇവർ ജോലിക്കാര്യത്തിനായി ബന്ധപ്പെടുകയും ഇയാളുടെ ഫ്ളാറ്റിലേക്ക് വരികയും ചെയ്തു. ശനിയാഴ്ച പണമിടപാട് സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ഇതിനൊടുവിൽ യുവതി കെട്ടിടത്തിൽനിന്ന് വീണ് മരിച്ചെന്നുമാണ് പോലീസിന്റെ നിഗമനം.

യുവതി നാലാംനിലയിൽനിന്ന് വീണതോടെ ഫ്ളാറ്റിൽനിന്ന് പുറത്തേക്കിറങ്ങിയ മുകേഷ് യുവതിയെ ചുമലിലേറ്റി സമീപത്തെ മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിക്കുകയായിരുന്നു. സ്ഥലത്തെ ചോരപ്പാടുകൾ മണ്ണിട്ട് മൂടുകയും ചെയ്തു. പിന്നാലെ സഹായിയെയും കൂട്ടി കാറിൽ ബിഹാറിലേക്ക് യാത്രതിരിച്ചു. ഇതിനിടെയാണ് ഇരുവരെയും പോലീസ് പിടികൂടിയത്.

പ്രതികൾക്കെതിരേ കൊലക്കുറ്റത്തിനും തെളിവ് നശിപ്പിച്ചതിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

Content Highlights:woman falls from building dies accused arrested by police