കാന്‍പുര്‍: ബലാത്സംഗക്കേസില്‍ കുറ്റാരോപിതനായ പോലീസ് കോണ്‍സ്റ്റബിള്‍ അപകടത്തില്‍ മരിച്ചതിന് പിന്നാലെ പരാതിക്കാരിയായ യുവതി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലാണ് സംഭവം. 

ദിബിയാപുര്‍ സ്വദേശിയായ യുവതിയാണ് ആത്മഹത്യ ചെയ്തതെന്ന് ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഇറ്റാവ സ്വദേശിയായ ഒരാളെ യുവതി ആദ്യം വിവാഹം കഴിച്ചിരുന്നു. ഭര്‍ത്താവ് മരിച്ചതോടെ ഇവര്‍ സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കാന്‍ തുടങ്ങി. 

വാടകവീട്ടില്‍ താമസിക്കുന്നതിനിടെ യുവതി പ്രദേശത്തെ പോലീസ് ഔട്ട്‌പോസ്റ്റില്‍ ജോലിക്ക് നിയോഗിച്ചിരുന്ന കോണ്‍സ്റ്റബിളുമായി അടുപ്പത്തിലായെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹവാഗ്ദാനം നല്‍കി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവതി പിന്നീട് കോണ്‍സ്റ്റബിളിനെതിരെ പോലീസില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്ന് കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡു ചെയ്തു. 

നവംബര്‍ നാലിന് സ്വന്തം നാട്ടിലേക്ക് ഇരുചക്ര വാഹനത്തില്‍ പോകുന്നതിനിടെ കോണ്‍സ്റ്റബിളിന് റോഡപകടത്തില്‍ പരിക്കേറ്റു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ നവംബര്‍ ഒമ്പതിന് അദ്ദേഹം മരിച്ചു. ഏതാനും ദിവസങ്ങള്‍ക്കുശേഷം യുവതിയെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ലോക്കല്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. 

യുവതിയുടെ മരണം ആത്മഹത്യ തന്നെയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെന്ന് പോലീസ് പറയുന്നു. പോലീസ് കോണ്‍സ്റ്റബിള്‍ ജിതേന്ദ്രയെ സ്‌നേഹിച്ചിരുന്നുവെന്നും അദ്ദേഹം ഇല്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ കൈയില്‍ മൈലാഞ്ചികൊണ്ട് സ്വന്തം പേരും പോലീസ് കോണ്‍സ്റ്റബിളിന്റെ പേരും എഴുതിയിരുന്നതായും കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: Woman ends life after death of her rape accused