കാളിയാര്‍: നാലും ഒന്‍പതും വയസ്സുള്ള കുട്ടികളെ ഉപേക്ഷിച്ച് അസം സ്വദേശിയായ യുവാവിനൊപ്പം നാടുവിട്ട യുവതിയെ അറസ്റ്റു ചെയ്തു. യുവതിയെയും കാമുകനെയും അസമില്‍നിന്നാണ് അറസ്റ്റുചെയ്തത്.

ഇയാള്‍ക്കും ഒരു കുട്ടിയുണ്ട്്. ഇവരെ അറസ്റ്റു ചെയ്തതില്‍ പ്രകോപിതരായ യുവാവിന്റെ ബന്ധുക്കള്‍ പോലീസ് സ്റ്റേഷന്‍ വളഞ്ഞെങ്കിലും സി.ആര്‍.പി.എഫുകാരുടെ സഹായത്തോടെ ഇവരെ എയര്‍പോര്‍ട്ടിലെത്തിക്കുകയായിരുന്നു.

തൊമ്മന്‍കുത്ത് സ്വദേശിനിയായ മുപ്പത്തിരണ്ടുകാരി പ്രവാസിയായ ഭര്‍ത്താവ് നിര്‍മിക്കുന്ന വീട്ടില്‍ വയറിങ് ജോലിക്കു വന്ന മുപ്പത്തൊന്നുകാരനൊപ്പമാണ് പരിചയപ്പെട്ട മൂന്നാംനാള്‍ നാടുവിട്ടത്.

ട്രെയിന്‍ വഴി അസമിലേക്ക് കടന്ന ഇവരെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്.

കാളിയാര്‍ പോലീസ് എ.എസ്.ഐ. വിജേഷ്, സി.പി.ഒ. അജിത്, വനിതാ പോലീസ് ഉദ്യോഗസ്ഥരായ ഷൈലജ, ശുഭ എന്നിവര്‍ അസമിലെത്തി യുവാവിന്റെ വീട്ടില്‍നിന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് സമീപത്തെ പോലീസ് സ്റ്റേഷനിലെത്തിച്ചു.

എന്നാല്‍, യുവാവിന്റെ ബന്ധുക്കള്‍ ഇവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷന്‍ വളയുകയായിരുന്നു.

തുടര്‍ന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി പി.കെ.മധു, ദിബ്രുഗഡ് എസ്.പി. ശ്രീജിത്തുമായി ഫോണില്‍ ബന്ധപ്പെട്ട്, ആയുധധാരികളായ സി.ആര്‍.പി.എഫുകാരുടെ സഹായത്തോടെ 450 കിലോമീറ്റര്‍ ദൂരത്തുള്ള ഗുവാഹത്തി എയര്‍പോര്‍ട്ടിലേക്ക് സുരക്ഷിതമായെത്താന്‍വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുകയായിരുന്നു. ഇരുവര്‍ക്കുമെതിരേ ബാലനീതി നിയമപ്രകാരം കേസെടുത്തു.

Content Highlights: woman eloped with assam native, police arrested them from assam