മോസ്‌കോ:  സൈബീരിയയിലെ ടോഗുചിനില്‍ യുവതി മരിച്ച സംഭവം വൈദ്യുതാഘാതമേറ്റെന്ന് സ്ഥിരീകരണം. കുളിക്കുന്നതിനിടെ ചാര്‍ജ് ചെയ്തിരുന്ന മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണതിനെ തുടര്‍ന്നാണ് യുവതിക്ക് വൈദ്യുതാഘാതമേറ്റതെന്നും ഫൊറന്‍സിക് പരിശോധനയിലടക്കം ഇക്കാര്യം സ്ഥിരീകരിച്ചെന്നും പോലീസ് അറിയിച്ചു.

ഒരാഴ്ച മുമ്പാണ് ടോഗുചിനില്‍ താമസിക്കുന്ന അനസ്താസിയ ഷെര്‍ബിനിന(25) കുളിമുറിയില്‍ മരിച്ചത്. കുളിക്കുന്നതിനിടെ ചാര്‍ജ് ചെയ്യാന്‍വെച്ചിരുന്ന മൊബൈല്‍ ഫോൺ യുവതി ഉപയോഗിച്ചിരുന്നു. പിന്നാലെ ഫോണ്‍ ബാത്ത് ടബ്ബിലെ വെള്ളത്തില്‍ വീണതോടെ വൈദ്യുതാഘാതമേറ്റെന്നാണ് റിപ്പോര്‍ട്ട്. നിലവിളി കേട്ട് നാല് വയസ്സുകാരനായ മകന്‍ കുളിമുറിയില്‍ എത്തിയെങ്കിലും എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിന്നു. തുടര്‍ന്ന് യുവതിയുടെ മാതാവിനെ മകന്‍ വിവരമറിയിച്ചു. ഇവര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴേക്കും യുവതി മരിച്ചിരുന്നു.

അടിയന്തരപ്രധാന്യമുള്ള ഫോണ്‍കോള്‍ വരാനുള്ളതിനാലാണ് യുവതി കുളിമുറിയിലേക്കും മൊബൈല്‍ ഫോണ്‍ കൊണ്ടുപോയതെന്നാണ് പ്രാദേശികമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പിന്നീട് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍വെച്ചു. ഇതിനിടെയാണ് ഫോണ്‍കോള്‍ വന്നത്. ഫോണ്‍ എടുത്തതിന് പിന്നാലെ വൈദ്യുതകേബിളടക്കം ഫോണ്‍ വെള്ളത്തിലേക്ക് വീഴുകയും യുവതിക്ക് വൈദ്യുതാഘാതം ഏല്‍ക്കുകയുമായിരുന്നു.

യുവതിയുടെ നിലവിളിക്കൊപ്പം വീട്ടില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായി ലൈറ്റുകളും മറ്റും ഓഫായി. ഇതോടെയാണ് വീട്ടിലുണ്ടായിരുന്ന നാല് വയസ്സുകാരനായ മകന്‍ അമ്മയ്ക്ക് സംഭവിച്ച അപകടമറിഞ്ഞത്.

Content Highlights: woman electrocuted and died during phone call in bathroom