ആഗ്ര:  ഉത്തര്‍പ്രദേശിലെ അലിഗഢില്‍ വനിതാ ഡോക്ടറെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അലിഗഢിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ ആസ്ത അഗര്‍വാളിനെ (30)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, ഡോക്ടറുടെ മരണം കൊലപാതകമാണെന്നും ഭര്‍ത്താവ് കൊന്ന് കെട്ടിത്തൂക്കിയതാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. 

ബുധനാഴ്ചയാണ് രമേശ് വിഹാര്‍ കോളനിയിലെ വീട്ടില്‍ ആസ്തയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആരോഗ്യവിഭാഗത്തിലെ കോവിഡ് സെല്ലിലായിരുന്നു ഇവര്‍ ഡെപ്യൂട്ടേഷനില്‍ ജോലിചെയ്തിരുന്നത്. പുറത്തുനിന്ന് പൂട്ടിയിട്ട വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെന്ന വിവരമറിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് പോലീസ് സംഘം വാതില്‍ പൊളിച്ച് അകത്തുകടക്കുകയായിരുന്നു. വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങിയനിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവോ കുട്ടികളോ സംഭവസമയം വീട്ടിലുണ്ടായിരുന്നില്ല. 

അതേസമയം, യുവതിയെ ഭര്‍ത്താവായ അരുണ്‍ അഗര്‍വാള്‍ കൊന്ന് കെട്ടിത്തൂക്കിയതാണെന്നാണ് ആസ്തയുടെ ബന്ധുക്കളുടെ ആരോപണം. സംഭവദിവസം രാത്രി കുട്ടികളെ സഹോദരന്റെ വീട്ടിലാക്കിയ ശേഷം അരുണ്‍ മുങ്ങിയിരിക്കുകയാണെന്നും ഇയാള്‍ ആസ്തയെ നിരന്തരം ഉപദ്രവിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഭര്‍ത്താവിനെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണെന്നും സര്‍ക്കിള്‍ ഓഫീസര്‍ ശ്വേതാഭ് പാണ്ഡെ അറിയിച്ചു. 

Content Highlights: woman doctor found dead in aligarh relatives alleges husband killed her