കൊട്ടിയം:പൊതുസ്ഥലത്തുെവച്ച് അസഭ്യംവിളിച്ചതു വിലക്കിയ വനിതാ ഡോക്ടറെ ആക്രമിച്ചയാളെ കൊട്ടിയം പോലീസ് പിടികൂടി. ആദിച്ചനല്ലൂര്‍ മൈലക്കാട് മൂഴിയില്‍ ക്ഷേത്രത്തിനുസമീപം സുമേഷ് ഭവനില്‍ ശബരി(31)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് അതിക്രമത്തിനിരയായത്.

ബുധനാഴ്ച സന്ധ്യക്ക് പരവൂരിലെ വീട്ടിലേക്ക് പോകുന്നതിന് കൊട്ടിയം ബസ് സ്റ്റാന്‍ഡില്‍ നിന്ന ഡോക്ടറെ ഇയാള്‍ അസഭ്യംപറഞ്ഞ് ആക്ഷേപിച്ചു.

ഡോക്ടര്‍ ഇത് വിലക്കുകയും ആവര്‍ത്തിച്ചാല്‍ പോലീസില്‍ അറിയിക്കുമെന്നു പറയുകയും ചെയ്തു.

ഇതില്‍ പ്രകോപിതനായ ഇയാള്‍ കൈയില്‍ കരുതിയിരുന്ന ചങ്ങല ഉപയോഗിച്ച് അവരെ ആക്രമിക്കുകയായിരുന്നു. മുഖത്തും ചുമലിലും പരിക്കേറ്റ ഡോക്ടര്‍ ചികിത്സതേടി.

സംഭവമറിഞ്ഞെത്തിയ പോലീസ് സംഘം പ്രതിയെ സ്ഥലത്തുനിന്നു പിടികൂടി. കൊട്ടിയം ഇന്‍സ്‌പെക്ടര്‍ എം.സി.ജിംസ്റ്റല്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ അനൂപ് മോന്‍, ഷിഹാസ്, പി.ജി.അഷ്ടമന്‍, എ.എസ്.ഐ. എ.സുനില്‍കുമാര്‍, സി.പി.ഒ.മാരായ ബിജു, അനൂപ്, ജി.സാം എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.