ന്യൂഡല്‍ഹി: ജെ.എന്‍.യു(ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി) കാമ്പസില്‍ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ചു. കാമ്പസിലെ ബ്രഹ്മപുത്ര ഹോസ്റ്റലില്‍ താമസിക്കുന്ന ബക്‌സര്‍ സ്വദേശി മാധുരികുമാരി(26)യെയാണ് വ്യാഴാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതി ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കിയെന്നാണ് പോലീസിന്റെ സംശയം. 

മാധുരിയുടെ ഭര്‍ത്താവ് സര്‍വകലാശാലയിലെ പി.എച്ച്.ഡി. വിദ്യാര്‍ഥിയാണ്. ഭര്‍ത്താവിനൊപ്പമാണ് യുവതി ഹോസ്റ്റലില്‍ താമസിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ ഹോസ്റ്റലിന്റെ രണ്ടാംനിലയില്‍നിന്ന് വീണനിലയില്‍ കണ്ടെത്തിയ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് ആശുപത്രി അധികൃതരാണ് പോലീസില്‍ വിവരമറിയിച്ചത്. 

സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ സംശയം. അതേസമയം, ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം ഉള്‍പ്പെടെ വ്യക്തമാവുകയുള്ളൂവെന്നും പോലീസ് പറഞ്ഞു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: woman dies in jnu campus police suspect suicide