ചേര്‍ത്തല: മകന്റെ ചവിട്ടേറ്റു മതിലില്‍ തലയിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 12-ാം വാര്‍ഡില്‍ കാരിടവെളി രുക്മിണി(64)യാണു മരിച്ചത്. സംഭവത്തില്‍, മകന്‍ ബിനു(40)വിനെ അര്‍ത്തുങ്കല്‍ പോലീസ് അറസ്റ്റുചെയ്തു. ഭര്‍ത്താവ് പരേതനായ ശിവദാസ്. മനോജ് മറ്റൊരു മകനാണ്.

ജൂലായ് 20-നായിരുന്നു സംഭവം. മുറ്റത്തുനിന്ന രുക്മിണിയുമായി വഴക്കിട്ട ബിനു, അമ്മയെ ചവിട്ടി. മതിലില്‍ തലയിടിച്ചു വീണ രുക്മിണിയെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പിന്നീട്, ബിനു നിര്‍ബന്ധപൂര്‍വം വിടുതല്‍വാങ്ങി വീട്ടിലെത്തിച്ചു. സ്ഥിതി വഷളായതിനെത്തുടര്‍ന്ന് നാട്ടുകാര്‍ വീണ്ടും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണു മരിച്ചത്. ബിനു മുന്‍പും അമ്മയെ മര്‍ദിച്ചിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.

ബിനുവിനെ വ്യാഴാഴ്ച രാവിലെ അറസ്റ്റുചെയ്തിരുന്നു. റിമാന്‍ഡിലാണിപ്പോള്‍. രുക്മിണി മരിച്ചതോടെ നരഹത്യാക്കുറ്റത്തിനു കേസെടുത്തതായി ഇന്‍സ്‌പെക്ടര്‍ പി.ജി. മധു പറഞ്ഞു.