വർക്കല: ഭർത്താവിന്റെ വീട്ടിൽ യുവതി തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. വർക്കല രാമന്തളി പുതുവൽ വീട്ടിൽ ദീപുവിന്റെ ഭാര്യ നിഷ( 30)യാണ് മരിച്ചത്. ഭർത്താവും മാതാവും ചേർന്ന് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതാണെന്ന് നിഷ മജിസ്ട്രേറ്റിന് മരണമൊഴി നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഭർത്താവ് ദീപു (41), മാതാവ് സുഭദ്ര (59) എന്നിവരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30-നാണ് നിഷയ്ക്ക് പൊള്ളലേൽക്കുന്നത്. വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും 24-ന് രാവിലെ മരിച്ചു.

2019-ലാണ് ദീപു കൊട്ടാരക്കര പനവേലി സ്വദേശിനി നിഷയെ വിവാഹം കഴിച്ചത്. വിവാഹത്തിന് നിഷയുടെ വീട്ടുകാർ നൽകിയ സ്വർണവും പണവും ഭർത്താവിന്റെ വീട്ടുകാർ ഉപയോഗിച്ചതിനെച്ചൊല്ലിയുള്ള വഴക്കാണ് സംഭവത്തിലേക്കെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ആർ.ഡി.ഒ. യാണ് ഇൻക്വസ്റ്റ് നടത്തിയത്. ശാസ്ത്രീയ അന്വേഷണ വിദഗ്ധരും പരിശോധന നടത്തിയിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Content Highlights:woman dies at husband home husband and his mother arrested