കുറ്റിപ്പുറം: അലര്‍ജിക്ക് കുത്തിവെപ്പ് എടുത്തതിനെത്തുടര്‍ന്ന് ബോധരഹിതയായി ആശുപത്രിയില്‍ ചികിത്സയിലിരുന്ന യുവതി മരിച്ചു. കുറ്റിപ്പുറം കാങ്കപ്പുഴക്കടവ് തോണിക്കടവത്ത് സബാഹിന്റെ ഭാര്യ പി.വി. ഹസ്‌ന(29)യാണ് ശനിയാഴ്ച രാവിലെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

കൈകളിലും കഴുത്തിലും അസഹ്യമായ ചൊറിച്ചില്‍ ഉണ്ടായതോടെയാണ് ഹസ്‌നയെ വ്യാഴാഴ്ച വൈകീട്ട് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടുന്നാണ് കുത്തിവെപ്പെടുത്തത്. അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോഴേക്കും അലര്‍ജി കുറഞ്ഞുവന്നു. അരമണിക്കൂര്‍ നിരീക്ഷണത്തിലിരുന്നശേഷം വീട്ടില്‍ പോകാമെന്ന് ഡോക്ടര്‍ പറഞ്ഞതിനെത്തുടര്‍ന്ന് നിരീക്ഷണത്തില്‍ കിടന്നു. ഇതിനിടെ ശക്തമായ ശ്വാസതടസ്സം അനുഭവപ്പെടുകയും ബോധരഹിതയാവുകയും ചെയ്തു.

തുടര്‍ന്ന് ഹസ്‌നയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രയിലേക്കു കൊണ്ടുപോയെങ്കിലും കുന്നംകുളത്തുവെച്ച് വീണ്ടും ശക്തമായ ശ്വാസതടസ്സം അനുഭവപ്പെട്ടു. അവിടെയുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ തൃശ്ശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് അടിയന്തരമായി മാറ്റി.

എന്നാല്‍ വെന്റിലേറ്റര്‍ സൗകര്യം ലഭ്യമല്ലാത്തതിനാല്‍ തൃശ്ശൂരിലേതന്നെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റേണ്ടി വന്നു. ഇവിടെ ചികിത്സയിലിരിക്കേയാണ് മരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.

അന്വേഷണം ആവശ്യപ്പെട്ട് ഭര്‍ത്താവ് സബാഹ് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്കു പരാതി നല്‍കി.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം മൃതദേഹം ശനിയാഴ്ച രാത്രി കുറ്റിപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

പേരശ്ശനൂര്‍ വടക്കനായി പടത്തിറത്ത് അബ്ദുല്‍ ഹമീദിന്റെയും ആമിനയുടെയും മകളാണ് ഹസ്‌ന. മകന്‍: ഷിഫാന്‍. സഹോദരങ്ങള്‍: ഹര്‍ഷിദ, അര്‍ഷാദ്, അറഫാത്ത്.