കൊല്ലം: പ്രണയനൈരാശ്യംമൂലം ബന്ധുവായ യുവതിയുടെ വീടിനു തീവെച്ചയാളും യുവതിയുടെ അമ്മയും പൊള്ളലേറ്റു മരിച്ചു. കാവനാട് മീനത്തുചേരി മുക്കാട് കോണ്‍വെന്റിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. മുക്കാട് റൂബിനിവാസില്‍ ഗേട്ടി രാജന്‍ (65), ഇവരുടെ ബന്ധു കടവൂര്‍ മതിലില്‍ മണിമന്ദിരത്തില്‍ സെല്‍വമണി (37) എന്നിവരാണ് മരിച്ചത്. ഗേട്ടിയുടെ മകള്‍ റൂബിക്കും പൊള്ളലേറ്റിട്ടുണ്ട്. ഗേട്ടിയുടെ ഭര്‍ത്താവ് രാജന്‍ വിദേശത്താണ്.
ഗേട്ടിയുടെ ഇളയമകളുമായി സെല്‍വമണി അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറയുന്നു. അടുത്തിടെ ഇവര്‍ തമ്മില്‍ അകല്‍ച്ചയിലായി. ഇതിന്റെ വൈരാഗ്യത്തില്‍ സെല്‍വമണി വീടിനു തീവയ്ക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ട് കന്നാസുകളില്‍ പെട്രോളുമായി സ്‌കൂട്ടറില്‍ എത്തിയ സെല്‍വമണി ഗേട്ടിയുടെ വീടിന്റെ മുന്‍വാതിലിന് തീവെച്ചു. ഗേട്ടിയും രണ്ട് പെണ്‍മക്കളും മൂത്ത മകളുടെ ഭര്‍ത്താവും നാല് കുട്ടികളുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ശബ്ദംകേട്ട് ഗേട്ടിയും മരുമകന്‍ സൈജുവും പുറത്തിറങ്ങി. പെട്രോളുമായി സെല്‍വമണി ഇതിനിടെ വീടിന്റെ പിന്‍ഭാഗത്തെത്തി, അടുക്കളവാതിലിന് തീവെച്ചു. സെല്‍വമണിയെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗേട്ടിക്ക് പൊള്ളലേറ്റത്. നാട്ടുകാരും കൊല്ലം ചാമക്കടയില്‍നിന്നെത്തിയ അഗ്‌നിരക്ഷാസേനാംഗങ്ങളും ചേര്‍ന്നാണ് വീട്ടിനുള്ളില്‍ കുടുങ്ങിയ ഗേട്ടിയുടെ പെണ്‍മക്കളെയും കുട്ടികളെയും പുറത്തെത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഗേട്ടി കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മരിച്ചു. പൊള്ളലേറ്റ സെല്‍വമണിയെ ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സെല്‍വമണി കുടുംബവുമായി അകന്ന് ശക്തികുളങ്ങരയിലുള്ള ഒരു ബന്ധുവിനൊപ്പമായിരുന്നു താമസം.
തീപിടിത്തത്തില്‍ വീട്ടുപകരണങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്. അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിന്‍ഡറിലേക്കും തീപടര്‍ന്നിരുന്നു. ചാമക്കട ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ജെയ്സണ്‍ പി.ജോണിന്റെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷാസേനയാണ് സിലിന്‍ഡര്‍ നിര്‍വീര്യമാക്കിയതും വീട്ടിലെ തീ കെടുത്തിയതും. ശക്തികുളങ്ങര സി.െഎ. ബിജുവിന്റെ നേതൃത്വത്തില്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
Content Highlights: woman dies after fire attack by youth in kollam