മാനന്തവാടി: അമ്മയും ഗര്‍ഭസ്ഥശിശുവും മരിച്ച സംഭവത്തില്‍ പോലീസ് അറസ്റ്റുചെയ്ത ഓട്ടോറിക്ഷാഡ്രൈവര്‍ എടവക വാളേരി പുതുപറമ്പില്‍ റഹീമിനെ (53) റിമാന്‍ഡ് ചെയ്തു. ഞായറാഴ്ച വൈകീട്ടാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. പ്രതിയുമായി മാനന്തവാടി പോലീസ് തെളിവെടുപ്പ് നടത്തി. മരിച്ച യുവതിയുടെ വീട്ടിലും റഹീമിന്റെ വീട്ടിലും വെള്ളിലാടിയിലെ ഇയാളുടെ കച്ചവടസ്ഥാപനത്തിലുമാണ് തെളിവെടുപ്പ് നടത്തിയത്. യുവതിയുടെ ബന്ധുക്കള്‍ റഹീമിനെ തിരിച്ചറിഞ്ഞു. യുവതിക്ക് നല്‍കാനായി ജ്യൂസ് വാങ്ങിയ തേറ്റമലയിലെ കടയിലും പ്രതിയുമായി പോലീസെത്തി.

കച്ചവടക്കാരന്‍ റഹീമിനെ തിരിച്ചറിഞ്ഞു. റഹീമിന്റെ വീട്ടില്‍നിന്നും കടയില്‍നിന്നുമായി മരുന്നുകളുടെ സ്ട്രിപ്പുകള്‍ കണ്ടെത്തി. കുറച്ച് സ്ട്രിപ്പുകള്‍ റോഡരികില്‍ ഉപേക്ഷിച്ചനിലയിലും കണ്ടെത്തി. എടവക മൂളിത്തോട് പള്ളിക്കല്‍ ദേവസ്യയുടെയും മേരിയുടെയും മകള്‍ റിനി (35)യാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. അസ്വാഭാവികമരണത്തിന് കേസെടുത്താണ് പോലീസ് അന്വേഷണം തുടങ്ങിയത്. റഹീം യുവതിക്ക് ഒരു പാനീയം നല്‍കിയതായും ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതായും ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞിരുന്നു. ഈമാസം 18-നാണ് റിനിയെ ശാരീരിക അസ്വസ്ഥതകളോടെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായതിനെത്തുടര്‍ന്ന് 19-ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ 20-ന് രാവിലെ റിനിയും ഗര്‍ഭസ്ഥശിശുവും മരിച്ചു.

യുവതിയുടെ മരണശേഷം തമിഴ്‌നാട്ടിലേക്ക്; പിന്നാലെ പോലീസും

യുവതിയുടെ മരണത്തിന് പിറ്റേന്നുതന്നെ റഹീം തമിഴ്‌നാട്ടിലേക്ക് കടന്നതായി പോലീസ് പറഞ്ഞു. മരണത്തില്‍ ദുരൂഹതയുയര്‍ന്നതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, ഡി.എന്‍.എ. പരിശോധനാഫലം എന്നിവ വരുന്നതിനു മുമ്പുതന്നെ പോലീസ് റഹീമിനെ പിടികൂടി. ഒളിവില്‍ പോയശേഷം തമിഴ്‌നാട്ടില്‍ ഒരു ഹോട്ടലില്‍ ജോലിചെയ്തു വരുകയായിരുന്നു റഹീം. കസ്റ്റഡയിലെടുത്ത് ചോദ്യംചെയ്യലില്‍ റഹീം യുവതിക്ക് ജ്യൂസ് നല്‍കിയ കാര്യം സമ്മതിച്ചതായും പോലീസ് പറഞ്ഞു. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 16, 17 തീയതികളില്‍ റഹീം യുവതിയുടെ വീട്ടില്‍ എത്തിയിരുന്നു. ജ്യൂസ് കൊണ്ടുനല്‍കിയ കുപ്പി നേരത്തെതന്നെ പോലീസ് കണ്ടെടുത്തിരുന്നു.

ശാസ്ത്രീയതെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പോലീസ് റഹീമിലേക്ക് എത്തിയത്. യുവതിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഡി.എന്‍.എ. പരിശോധനാഫലവും വന്നശേഷം തുടര്‍നടപടികള്‍ ഉണ്ടാവുമെന്ന് പോലീസ് പറഞ്ഞു.

നിലവില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ വീടുമായി അടുത്തബന്ധമുണ്ടായിരുന്ന ആളാണ് റഹീമെന്നും പോലീസ് പറഞ്ഞു. മാനന്തവാടി ഇന്‍സ്‌പെക്ടര്‍ എം.എം. അബ്ദുള്‍കരീം, എസ്.ഐ. ബിജു ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.