അഞ്ചല്‍: യുവതി പാമ്പുകടിയേ‌റ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ അഞ്ചല്‍ സി.ഐ യ്ക്കും റൂറല്‍ എസ്.പിക്കും പരാതി നല്‍കി. ഏറം വെള്ളിശേരില്‍ വീട്ടില്‍ ഉത്ര (25) വീട്ടിനുള്ളില്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് അച്ഛന്‍ വിശ്വസേനനും, അമ്മ മണിമേഖലയും പോലീസില്‍ പരാതി നല്‍കിയത്.

മെയ് ഏഴിനാണ് ഏറത്തെ കുടുംബവീട്ടില്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ ഉത്രയെ കണ്ടെത്തിയത്‌. അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ് ഇടതുകൈയില്‍ പാമ്പ് കടിയേറ്റതിന്റെ പാട് കണ്ടെത്തിയത്.

അടൂരിലെ ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് പാമ്പ് കടിയേറ്റതിനെ തുടര്‍ന്നുള്ള ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടില്‍ എത്തിയപ്പോഴാണ് ഉത്രയ്ക്ക് രണ്ടാമതും സര്‍പ്പദംശനമേറ്റത്. ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് പാമ്പ് കടിയേറ്റതും രാത്രിയിലായിരുന്നു. വീട്ടില്‍ ബോധം കെട്ട് വീണ ഉത്രയുടെ കാല്‍  പരിശോധിച്ചപ്പോഴാണ് പാമ്പ് കടിച്ചതായി മനസ്സിലായത്.

അവിശ്വസിനീയമായ രീതിയിലായിരുന്നു ഉത്ര ജീവിതത്തിലേക്ക് തിരിച്ചുവന്നത്. എന്നാല്‍ പാമ്പ് കടിയേറ്റ വിവരം ഉത്ര അറിഞ്ഞിരുന്നില്ലെന്നും, പാമ്പ് കടിയേറ്റിട്ട് ഉടനെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും ഇതില്‍ ദുരൂഹത ഉണ്ടെന്നും പരാതിയില്‍ പറയുന്നു. 

രണ്ടാമത് പാമ്പ് കടിയേറ്റ ദിവസ്സം ഉത്രയോടൊപ്പം കിടപ്പുമുറിയില്‍ ഉണ്ടായിരുന്ന ഭര്‍ത്താവ് സൂരജ് രാത്രിയില്‍ കിടപ്പുമുറിയിടെ ജനാലകള്‍ തുറന്നിട്ടത് സംശയത്തിന് ഇടനല്‍കിയിട്ടുണ്ട്. ടൈല്‍ പാകിയതും, എ.സി ഉള്ളതുമായ കിടപ്പുമുറിയുടെ ജനാലകള്‍ രാത്രി ഉത്രയുടെ അമ്മ അടച്ചിരുന്നു. രാത്രി വളരെ വൈകി ഭര്‍ത്താവാണ് ജനാലകള്‍ തുറന്നിട്ടത്. പാമ്പിനെ ആദ്യം കണ്ടെത്തിയതും ഭര്‍ത്താവാണ്. വീട്ടില്‍ പാമ്പ് ശല്യമോ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു. 

അടൂരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് വീട്ടില്‍ കയറിയ പാമ്പിനെ സൂരജ് നിസാരമായി പിടികൂടി പുറത്ത് കൊണ്ടുപോയിരുന്നു. അന്ന് അണലി വര്‍ഗ്ഗത്തില്‍പ്പെട്ട പാമ്പാണ് ഉത്രയെ കടിച്ചത്. എന്നാല്‍ രണ്ടാമതാകട്ടെ മൂര്‍ഖന്‍ പാമ്പും. മാരകവിഷമുള്ള പാമ്പ് കടിച്ചാല്‍ വേദന കാരണം ഉണരേണ്ടതാണെന്ന് വിദഗ്ദര്‍ പറയുന്നു.

മകള്‍ക്ക്‌ കൊടുത്ത സ്വര്‍ണാഭരണങ്ങളും, പണവും കാണാനില്ലെന്നും, വിശദമായ അന്വേഷണത്തിലൂടെ മരണകാരണം പുറത്ത് കൊണ്ടു വരണമെന്നും അഞ്ചലില്‍ നടന്ന പത്രസമ്മേളനത്തില്‍ അച്ഛന്‍ വിശ്വസേനനും, സഹോദരന്‍ വിഷുവും ആവശ്യപ്പെട്ടു.

Content Highlights:  Woman dies after being bitten by snake- Parents demanding an investigation