കാൻപുർ: ഉത്തർപ്രദേശിലെ ഫത്തേപുർ ജില്ലയിൽ ബലാത്സംഗത്തിനുശേഷം പ്രതി തീകൊളുത്തിയ പതിനെട്ടുകാരി ആശുപത്രിയിൽ മരിച്ചു. 90 ശതമാനം പൊള്ളലേറ്റ യുവതി ചൊവ്വാഴ്ച മുതൽ വെന്റിലേറ്ററിലായിരുന്നു. അവയവങ്ങൾ ഒന്നൊന്നായി പ്രവർത്തനരഹിതമായിത്തുടങ്ങിയ പെൺകുട്ടി വ്യാഴാഴ്ച രാവിലെയാണ് അന്ത്യശ്വാസം വലിച്ചതെന്ന് ആശുപത്രിയിലെ ശസ്ത്രക്രിയാ വിഭാഗം മേധാവി സഞ്ജയ് കല പറഞ്ഞു.
പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയനുസരിച്ച് അകന്ന ബന്ധുവായ 22-കാരനെ അറസ്റ്റു ചെയ്തിരുന്നു. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്.
എന്നാൽ, പെൺകുട്ടിയും അകന്നബന്ധുവായ യുവാവും തമ്മിലുള്ള ബന്ധം ഗ്രാമസഭ വിലക്കിയിരുന്നു. തുടർന്ന് പെൺകുട്ടി സ്വയം തീകൊളുത്തുകയായിരുന്നെന്ന് അലഹാബാദ് പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ സുജീത് പാണ്ഡെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഗ്രാമസഭയിൽനിന്ന് തിരികെ വീട്ടിലെത്തിയ പെൺകുട്ടി തീകൊളുത്തിയെന്നും വീട്ടിൽനിന്ന് പുകയുയരുന്നതുകണ്ട അയൽവാസികൾ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നെന്നും ഫത്തേപുർ ജില്ലാ മജിസ്ട്രേറ്റ് സഞ്ജീവ് സിങ്ങും പറഞ്ഞിരുന്നു.
Content Highlights: Woman died who was raped and burnt in UP