വെഞ്ഞാറമൂട്(തിരുവനന്തപുരം):  തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവദമ്പതിമാരില്‍ ഭാര്യ മരിച്ചു. ഭര്‍ത്താവിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. വെഞ്ഞാറമൂട് കീഴായിക്കോണം കല്ലിടുക്കില്‍ വീട്ടില്‍ രേഷ്മ(26) ആണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെ മരിച്ചത്. രേഷ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഭര്‍ത്താവ് സതീഷി(30)നും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് അപകടമുണ്ടായത്. വിറകടുപ്പില്‍ മണ്ണെണ്ണ ഒഴിച്ച് തീ കത്തിക്കുന്നതിനിടയിലാണ് രേഷ്മയുടെ വസ്ത്രത്തില്‍ തീപിടിച്ചത്. നിലവിളികേട്ട് സതീഷ് ഓടിയെത്തുമ്പോള്‍ ദേഹമാകെ തീപടര്‍ന്ന നിലയിലായിരുന്നു. ഉടന്‍തന്നെ രേഷ്മയെ കുളിമുറിയിലേക്കു കൊണ്ടുപോയി ഷവര്‍ തുറന്നാണ് സതീഷ് തീയണച്ചത്. ഇതിനിടയിലാണ് സതീഷിനും പൊള്ളലേറ്റത്.

അപകടം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്ന ബന്ധുവായ പത്തു വയസ്സുകാരനാണ് അടുത്തുള്ളവരെ വിവരമറിയിച്ചത്. ഉടന്‍തന്നെ ഇരുവരെയും ഒരു ഓട്ടോയില്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അടുപ്പില്‍ തീ കത്തിക്കുമ്പോള്‍ പൊള്ളലേറ്റതാണെന്ന് രേഷ്മ പറഞ്ഞതായി ഓട്ടോ ഡ്രൈവര്‍ പോലീസിനു മൊഴിനല്‍കിയിട്ടുണ്ട്.

ഗുരുതരമായ പൊള്ളലായതുകൊണ്ട് അന്നുതന്നെ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിലേക്കു മാറ്റിയിരുന്നു. ഗുരുതരാവസ്ഥയിലായതുകൊണ്ട് പോലീസിന് രേഷ്മയുടെ മൊഴിയെടുക്കാന്‍ കഴിഞ്ഞില്ല. സതീഷില്‍നിന്നാണ് പോലീസ് മൊഴിയെടുത്തത്. സതീഷിന്റെ നില ഗുരുതരമാണെന്ന് ഡോക്ടര്‍ പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു.

മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് സി.ഐ. വിജയരാഘവന്‍ പറഞ്ഞു. നാലുവര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. മക്കളില്ല. രേഷ്മയുടെ ശവസംസ്‌കാരം വ്യാഴാഴ്ച പോസ്റ്റുേമാര്‍ട്ടത്തിനു ശേഷം കുടവൂര്‍ ചിത്രാഞ്ജലി ശിവനന്ദനത്തില്‍ നടക്കും.

Content Highlights: woman died in hospital after accidentally caught fire