രാജാക്കാട്: പാമ്പുകടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ രാജകുമാരിയിലെ സ്വകാര്യ വിഷചികിത്സാ കേന്ദ്രത്തിലെ ഡോക്ടര്‍ക്ക് പിഴവുപറ്റിയതായി ബന്ധുക്കളുടെ പരാതി. കഴിഞ്ഞ ഞായറാഴ്ചയാണ് വീടിനുസമീപമുള്ള ൈകയാലയിലെ കാട് പറിച്ചുനീക്കുന്നതിനിടയില്‍ അനുവിന് പാമ്പുകടിയേറ്റത്.

ഉടന്‍തന്നെ രാജകുമാരിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഹോമിയോ വിഷ ചികിത്സാ കേന്ദ്രത്തില്‍ അനുവിനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് എത്തിച്ചു. എന്നാല്‍, ഡിസ്പെന്‍സറിയുടെ സമീപത്തുതന്നെയുള്ള ഡോക്ടറുടെ വീട്ടില്‍ നിന്ന് ഡോക്ടര്‍ എത്താന്‍ 20 മിനിറ്റോളം താമസിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു. മരുന്നുപുരട്ടിയതിനുശേഷം അനുവിനോട് വീട്ടില്‍ പോയി വിശ്രമിക്കാനും ഒരു മണിക്കൂറിന് ശേഷം പാമ്പുകടിയേറ്റ ഭാഗത്തെ കെട്ട് അഴിച്ചുമാറ്റാനുമാണ് ഡോക്ടര്‍ നിര്‍ദേശിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. വിദഗ്ധ ചികിത്സയ്ക്കായി മറ്റെവിടെയെങ്കിലും കൊണ്ടുപോകണമോ എന്ന് ബന്ധുക്കള്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും അതിന്റെ ആവശ്യമില്ലെന്നും ഇപ്പോള്‍ കാണിക്കുന്ന അസ്വസ്ഥത ഉടന്‍ മാറും എന്നുമായിരുന്നു ഡോക്ടറുടെ മറുപടിയെന്നും ബന്ധുക്കള്‍ പറയുന്നു.

പാമ്പുകടിയേറ്റ ഭാഗം കൂടുതല്‍ പരിശോധിക്കാനോ രോഗിയെ നിരീക്ഷിക്കാനോ ഡോക്ടര്‍ തയാറായില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. അവിടെനിന്ന് വീട്ടിലെത്തിയ അനുവിന്റെ നില കൂടുതല്‍ വഷളാവുകയും ഉടന്‍തന്നെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍, ആശുപത്രിയില്‍ എത്തുന്നതിനു മുമ്പെ യുവതി മരിച്ചിരുന്നു.

പാമ്പുകടിയേറ്റാല്‍ യഥാസമയത്ത് ആന്റിവെനം നല്‍കുന്നതിനുള്ള സൗകര്യം അടിമാലി താലൂക്ക് ആശുപത്രിയില്‍ ഉണ്ട്. എന്നാല്‍, അനുവിനെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് അനു മരണപ്പെട്ടത് എന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു.

Content Highlights: woman died by snake bite in rajakkad idukki, allegations against treatment center