നീലേശ്വരം: കാഞ്ഞങ്ങാടുമുതൽ കോഴിക്കോടുവരെ അഞ്ച് ആശുപത്രികൾ കയറിയിറങ്ങിയിട്ടും പാമ്പുകടിയേറ്റ യുവതി മരിച്ചു. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

കാസർകോട് ഡി.സി.ആർ.ബി.യിലെ എസ്.ഐ. പള്ളിക്കര കുഞ്ഞിപ്പുളിക്കാൽ ലക്ഷ്മി നാരായണ ക്ഷേത്രത്തിന് സമീപത്തെ ലതീഷിന്റെ ഭാര്യ എ.വി. അർച്ചന(40)യാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രി 11-ഓടെ മരിച്ചത്.

പെരളശ്ശേരി സ്വദേശികളായ എ.വി. പവിത്രന്റെയും സ്വർണവല്ലിയുടെയും മകളാണ്. ജൂലായ് 21-ന് വൈകീട്ട് 6.45-ഓടെയാണ് ഇവർക്ക് വീട്ടുവളപ്പിൽനിന്ന് അണലിയുടെ കടിയേറ്റത്. 20 മിനിറ്റിനകം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. മൂന്നര മണിക്കൂർ വൈകിയാണ് മറുവിഷം നൽകിയതെന്ന് അർച്ചനയുടെ ഭർത്തൃസഹോദരൻ കെ. സനീഷ് ആരോപിച്ചു.

വിഷം കൂടുതൽ ഏറ്റിട്ടില്ലെന്നു പറഞ്ഞ അധികൃതർ 22-ന് രാത്രി ഏഴോടെയാണ് നില ഗുരുതരമാണെന്നും വൃക്കയെ ബാധിച്ചിട്ടുണ്ടെന്നും പറയുന്നത്. പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാനും നിർദേശിച്ചു. പരിയാരത്തെത്തിയെങ്കിലും കോവിഡ് കേസുകൾകാരണം ചികിത്സ ലഭിക്കാൻ വൈകിയെന്നും ഇദ്ദേഹം പറഞ്ഞു.

കുറച്ചുദിവസം പരിയാരത്ത് തുടർന്നെങ്കിലും ആശുപത്രിയിൽ കോവിഡ് വ്യാപിച്ചതിനാൽ കണ്ണൂർ എ.കെ.ജി. ആശുപത്രിയിലേക്കു മാറ്റാൻ അധികൃതർ നിർദേശിച്ചു.

അപ്പോഴേക്കും കാലിലാകെ രക്തം കട്ടപിടിച്ചിരുന്നു. നില വഷളായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും അവിടെനിന്ന് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

ചികിത്സയുടെ ഭാഗമായി കാൽമുട്ട് വരെയുള്ള ഭാഗം മുറിച്ചുമാറ്റി. ഇടുപ്പുവരെ പിന്നീട് മുറിക്കേണ്ട നിലവന്നു. അപ്പോഴേക്കും വൃക്കയുടെ പ്രവർത്തനം നിലച്ചിരുന്നു. സംഭവത്തിൽ പരാതി നൽകാനൊരുങ്ങുകയാണ് ബന്ധുക്കൾ.

എല്ലാ ചികിത്സകളും കൃത്യസമയത്ത് നൽകിയിട്ടുണ്ടെന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് കെ.വി. പ്രകാശൻ പറഞ്ഞു. അർച്ചനയുടെ മക്കൾ: ജിതിൻ, നിധിൻ. സഹോദരൻ: അനൂപ്.

Content Highlights:woman died after snake bite relatives allegations